Kerala
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി വീഴ്ത്തിയ കേസ്; മുഹമ്മദ് ഷിനാദിന് ജാമ്യം
തലശേരി ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്

കണ്ണൂര്‍ | തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് അഞ്ച് വയസുകാരനായ രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദിന് കോടതി ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. സംഭവത്തില്‍ മുഹമ്മദ് ഷിനാദിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. 15 ദിവസം കൊണ്ടാണ് തലശ്ശേരി സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാറില്‍ ചാരിനിന്നതിനാണ് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത്. രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
നവംബര്‍ മൂന്നിനാണ് സംഭവം. നാരങ്ങാപ്പുറം മണവാട്ടി കവലയില്‍ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബലൂണ്‍ വില്‍പ്പനക്കാരായ നാടോടിക്കുടുംബത്തിലെ ആറ് വയസുകാരനെയാണ് കാറില്‍ ചാരി നിന്നതിന് മുഹമ്മദ് ഷിനാദ് ചവിട്ടി വീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്