International
ഫലസ്തീന് പിന്തുണയര്‍പ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ യുവാവിനെതിരെ കേസ്
അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പോലീസാണ് കേസെടുത്തത്.
അഹമ്മദാബാദ്| ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഫലസ്തീന് പിന്തുണയര്‍പ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ യുവാവിനെതിരെ പോലീസ് കേസ്. ഓസ്‌ട്രേലിയന്‍ സ്വദേശിയെന്ന് വ്യക്തമാക്കിയ ജോണ്‍സണ്‍ വെയ്‌നെതിരെയാണ് പോലീസ് കേസെടുത്തത്. ഐപിസി 322, 447 (അതിക്രമിച്ചു കടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പോലീസാണ് കേസെടുത്തത്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ 14ാം ഓവറില്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ യുവാവ് കോലിയുടെ അടുത്തെത്തി തോളില്‍ കൈയിടുകയും ചെയ്തിരുന്നു. ഉടന്‍ സുരക്ഷാ ജീവനക്കാരെത്തി യുവാവിനെ പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.
എന്റെ പേര് ജോണ്‍. ഞാന്‍ ഓസ്‌ട്രേലിയക്കാരനാണ്. കോഹ്ലിയെ കാണാനാണ് ഞാന്‍ ഫീല്‍ഡിലിറങ്ങിയത്. ഞാന്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് പോലീസ് കൊണ്ടുപോവുന്നതിനിടെ മാധ്യമങ്ങളോട് യുവാവ് വ്യക്തമാക്കിയിരുന്നു. അതേസമയം, ജോണ്‍ സ്ഥിരം കുറ്റവാളിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് മുമ്പും ഇയാള്‍ക്കെതിരെ മൈതാനങ്ങളില്‍ അതിക്രമിച്ച് കയറിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്‌ഖേഡ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വിരാജ് ജഡേജ പറഞ്ഞു.