Business
മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ
പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു.

മദീന | മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സഊദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ സെയ്ഫി ബിന്‍ നുമഹി അല്‍ അംറി എന്നിവരാണ് മദീനയില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ചടങ്ങില്‍ ലുലു സഊദി അറേബ്യ ഡയരക്ടര്‍ ഷഹീം മുഹമ്മദ്, ലുലു റീജ്യണല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. ലുലുവുമായുള്ള സഹകരണം വാണിജ്യ രംഗത്ത് കൂടുതല്‍ ഉണര്‍വേകാന്‍ സഹായകരമാകുമെന്ന് ശൈഖ് മാജിദ് ബിന്‍ സെയ്ഫി ചൂണ്ടിക്കാട്ടി.
പരിശുദ്ധ റമസാനിലെ ആദ്യദിനത്തില്‍ പുണ്യനഗരമായ മദീനയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ഇതിന് അനുമതി നല്‍കിയ സല്‍മാന്‍ രാജാവിനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഊദി ഭരണകൂടത്തിനും പ്രത്യേക നന്ദി പറയുന്നു. സഊദി ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നു.
24 മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആധുനിക രീതിയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റായിരിക്കും മദീനയില്‍ വരുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും യൂസഫലി പറഞ്ഞു.