Connect with us

National

55 ദിവസം ഒളിവില്‍; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് ബാസിര്‍ഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത|പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ഭൂമി കൈയേറ്റത്തിനും ആരോപണ വിധേയനായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍. 55 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ നിന്ന് അര്‍ധരാത്രിയോടെയാണ്  ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വ്യാഴാഴ്ച ഉച്ചയ്ക്ക് ബാസിര്‍ഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലായിരുന്ന ഷാജഹാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കല്‍, ലൈംഗികാതിക്രമം എന്നിവ നടത്തിയെന്നാരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിന് ഇയാള്‍ ഒളിവില്‍ പോയി. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഷാജഹാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ഷാജഹാന്‍ ഷെയ്ഖും അനുയായികളും ആക്രമിച്ച് ഓടിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഷാജഹാന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി ഗ്രാമീണര്‍ രംഗത്തു വന്നത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
2019ല്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണ് ഷാജഹാന്‍. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. റേഷന്‍-ഭൂമി അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഇഡിയും ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

 

Latest