Uae
യു എ ഇയിൽ 40 ലക്ഷം പവിഴ കോളനികൾ നടും; ലോകത്തിലെ ഏറ്റവും വലിയ പദ്ധതി
2021 മുതൽ പത്ത് ലക്ഷം പവിഴ കോളനികൾ നട്ടതിന്റെ തുടർച്ചയാണ് ഈ സംരംഭമെന്ന് അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലം അൽ ദാഹിരി പറഞ്ഞു.

അബൂദബി | ലോകത്തിലെ ഏറ്റവും വലിയ പവിഴ പുനരുദ്ധാരണ പദ്ധതി അബൂദബി പ്രഖ്യാപിച്ചു. 900 ഹെക്ടറിൽ 2030-ഓടെ 40 ലക്ഷത്തിലധികം പവിഴ കോളനികൾ നട്ടുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്.അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരി പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദിന്റെ നേതൃത്വത്തിലാണ് പദ്ധതി.
2021 മുതൽ പത്ത് ലക്ഷം പവിഴ കോളനികൾ നട്ടതിന്റെ തുടർച്ചയാണ് ഈ സംരംഭമെന്ന് അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലം അൽ ദാഹിരി പറഞ്ഞു. അറേബ്യൻ ഗൾഫിന്റെ കഠിനമായ കാലാവസ്ഥയിലും പവിഴങ്ങൾ വേനൽക്കാലത്ത് വളർച്ച ഉണ്ടായിട്ടുണ്ട്. പുനഃസ്ഥാപിത പ്രദേശങ്ങളിൽ മത്സ്യങ്ങളുടെ എണ്ണവും ഇനങ്ങളും 50 ശതമാനം വർധിച്ചു.
“അബൂദബി കോറൽ ഗാർഡൻ’ പദ്ധതി ഈ മാസം ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40,000 പരിസ്ഥിതി സൗഹൃദ കൃത്രിമ പവിഴങ്ങൾ 1,200 ചതുരശ്ര കിലോമീറ്ററിൽ ഇതിലൂടെ സ്ഥാപിക്കും.ഇവ സ്വാഭാവിക പവിഴങ്ങളെക്കാൾ മൂന്നിരട്ടി വേഗത്തിൽ സമുദ്ര ജീവികളെ ആകർഷിക്കുകയും വർഷംതോറും 50 ലക്ഷം കിലോ മത്സ്യം ഉത്പാദിപ്പിക്കുകയും ചെയ്യും.
ഷാർജ, ദുബൈ, ഫുജൈറ എന്നിവിടങ്ങളിലും പവിഴ സംരക്ഷണ പദ്ധതികൾ പുരോഗമിക്കുന്നു. ഷാർജയിൽ ഖോർഫക്കാനിൽ കൃത്രിമ പവിഴ ഗുഹകൾ സ്ഥാപിച്ചു. ദുബൈ 20,000 റീഫ് മൊഡ്യൂളുകൾ 600 ചതുരശ്ര കിലോമീറ്ററിൽ സ്ഥാപിക്കുന്നു. 24 ശക്തമായ പവിഴ ഇനങ്ങളും 210 സൈറ്റുകളിലെ 55-ലധികം ഹാർഡ് കോറലുകളും പഠിക്കുന്ന ദേശീയ പദ്ധതി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഏകോപിപ്പിക്കുന്നത്.