Connect with us

Heavy rain

'നെതര്‍ലെന്റില്‍ പോയി പഠിച്ചതിന്റെ തുടര്‍ നടപടി ആര്‍ക്കുമറിയില്ല'; വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഉണ്ടാവുന്ന മഴക്കെടുതിയിലും അതി തീവ്ര മഴ മൂലമുള്ള നാശനഷ്ടങ്ങളിലും വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. 2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലന്റ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി എന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പ്, നിലവില്‍ ഇടത് സഹയാത്രികനാണ്. മുന്‍ കെ ടി ഡി സി ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം സി പി ഐ എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നേരത്തേ, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പുസ്തക രചനയിലാണെന്ന കാരണത്താല്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest