Kerala
'കാഫിര്‍' വിവാദം: കെ കെ ലതികയ്‌ക്കെതിരായ പ്രചാരണം ചെറുക്കുമെന്ന് സി പി എം
വിദ്വേഷ പ്രചാരകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു

കോഴിക്കോട് | ‘കാഫിര്‍’ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ കെ ലതികയ്‌ക്കെതിരായ പ്രചാരണത്തിനെതിരെ സി പി എം. പ്രചാരണം ചെറുക്കുമെന്ന് വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പ് പാര്‍ട്ടി പുറത്തിറക്കി.
വിദ്വേഷ പ്രചാരകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്താനാണ് യു ഡി എഫ് നീക്കം. വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും സി പി എം ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ വിവാദമായ ‘കാഫിര്‍’ പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത പോസ്റ്റ് കെ കെ ലതിക ഫേസ് ബുക്കില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു.
മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പോലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും ഫേസ് ബുക്കില്‍ നിന്ന് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം ഇട്ടത് എന്ന പേരിലാണ് വര്‍ഗീയധ്വനിയുള്ള സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. സിപിഎമ്മിന്റെ പരാതിയില്‍ കാസിമിനെതിരെ വടകര പൊലീസ് കേസെടുത്തെങ്കിലും സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും കാസിമിനു പങ്കില്ലെന്നും സര്‍ക്കാര്‍ പിന്നീട് ഹൈക്കോടതിയെ അറിയിച്ചിരുന്നു.