Connect with us

Kerala

'ആള്‍ക്കാര്‍ എന്റെ ചിത്രങ്ങള്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്'; ശ്രദ്ധേയമായി ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രദര്‍ശനം

വേദികളില്‍ വിദ്യാര്‍ഥികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥികളെയും ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ജില്ലാ മിഷന്‍  നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട്  | കലോത്സവ വേദികളില്‍ വിദ്യാര്‍ഥികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥികളെയും ‘സമം’ നിര്‍ത്താനുള്ള ശ്രമത്തിലാണ് സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ജില്ല മിഷന്‍.സാമൂതിരി സ്‌കൂളിലെ വേദി മൂന്നിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രവൃത്തി പരിചയ കലാ വിദ്യാഭ്യാസ പ്രദര്‍ശനമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വ്യത്യസ്തമായ മികവുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ദിവസങ്ങളിലും മൂന്ന് വീതം ബി ആര്‍ സികളിലെ വിദ്യാര്‍ഥികളാണ് പ്രദര്‍ശനമൊരുക്കുന്നത്. ചിത്രപ്രദര്‍ശനത്തിന് പുറമെ വിവിധ ക്രാഫ്റ്റ് ഐറ്റംസ്, കുട്ടികള്‍ തയാറാക്കിയ ഗണിത വിസ്മയങ്ങള്‍ എന്നിവയാണ് സമം സ്റ്റാളിലെ പ്രധാനപ്പെട്ട മറ്റു പ്രദര്‍ശനങ്ങള്‍.

ഇതിനു പുറമെ കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ഥികളുടെ ചെസ് മത്സരങ്ങള്‍, വിവിധ ടീച്ചിംഗ് എയ്ഡുകള്‍ കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ‘തന്റെ വരകള്‍ കണ്ടപ്പോ ടീച്ചറാണ് കലോത്സവ സ്റ്റാളില്‍ നിന്റെ ചിത്രങ്ങള്‍ വെക്കാമെന്ന് പറഞ്ഞത്.’ ആള്‍ക്കാര്‍ എന്റെ ചിത്രങ്ങള്‍ നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്’- അരക്ക് താഴെ തളര്‍ന്ന മുക്കം ആനയാംകുന്ന് വി എം എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദിയ പറയുന്നു. തങ്ങളുടെ പ്രദര്‍ശനങ്ങള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടുമ്പോള്‍ ഓരോ വിദ്യാര്‍ഥിയുടെയും മുഖത്ത് തെളിയുന്ന സന്തോഷമാണ് തങ്ങളുടെ സന്തോഷമെന്നും സാധാരണ വിദ്യാര്‍ഥികളെപ്പോലെ പ്രത്യേക പരിഗണന നല്‍കേണ്ട തങ്ങളുടെ വിദ്യാര്‍ഥികളെ അവരുടെ ഒപ്പം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷിബ പറഞ്ഞു.

ആരും മാറ്റിനിര്‍ത്തേണ്ടവരല്ലെന്നും ജില്ലാ മിഷന്റെ ഈ ഉദ്യമം ഏറെ പ്രശംസനീയമാണെന്നും സ്റ്റാള്‍ സന്ദര്‍ശിച്ച പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. വിദ്യാര്‍ഥികളോടൊപ്പം വിവിധ ടീച്ചിംഗ് എയ്ഡുകള്‍ ഉപയോഗിച്ച് ഗെയിമുകള്‍ കളിച്ചാണ് അദ്ദേഹം മടങ്ങിയത്.