Saudi Arabia
ആരോഗ്യപൂര്‍ണമായ പ്രവാസത്തിനായി 'ഫിറ്റ് 4' ; ജിദ്ദയില്‍ 70 കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ക്ലബുകള്‍ സ്ഥാപിക്കും
ആരോഗ്യ സംരക്ഷണവും ചിട്ടയായ വ്യായാമവും ഓരോ പ്രവാസിയുടെയും നിത്യജീവിതത്തിന്റെ ഭാഗമാക്കുക ലക്ഷ്യം.
ജിദ്ദ | പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഫിറ്റ് 4’ (Fit 4) ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണവും ചിട്ടയായ വ്യായാമവും ഓരോ പ്രവാസിയുടെയും നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 84 പരിശീലകര്‍ പങ്കെടുത്തു. ഈ വിപുലമായ പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ജിദ്ദയിലെ 70 കേന്ദ്രങ്ങളില്‍ പുതുതായി ഫിറ്റ് 4 ഹെല്‍ത്ത് ക്ലബുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികള്‍ക്ക് വ്യായാമവും ആരോഗ്യകാര്യങ്ങളും കൃത്യമായി പിന്തുടരുന്നതിന് ആവശ്യമായ പ്രാദേശിക സംവിധാനങ്ങള്‍ ഈ ക്ലബുകളിലൂടെ ലഭ്യമാക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് പഞ്ചസാരയുടെ അളവ് കുറക്കേണ്ടതിന്റെ ആവശ്യകത, ആരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവയെക്കുറിച്ച് യഹിയ ഖലീല്‍ നൂറാനി ക്ലാസെടുത്തു. ഓരോ പ്രവാസിയും ദിവസേന ചുരുങ്ങിയത് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹനീഫ പെരിന്തല്‍മണ്ണ ട്രെയിനിംഗിന് നേതൃത്വം നല്‍കുകയും പ്രായോഗിക വ്യായാമ മുറകള്‍ പരിശീലകര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. സമാപന സെഷനില്‍ അബൂബക്കര്‍ മിസ്ബാഹ് ഐക്കരപ്പടി, പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഐ സി എഫ് കെയര്‍, ഇ ആര്‍ ടി തുടങ്ങിയ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി പ്രത്യേക ടീഷര്‍ട്ടുകള്‍ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. സൈദ് മുഹമ്മദ് മാസ്റ്റര്‍, മന്‍സൂര്‍ മാസ്റ്റര്‍, മുഹ്സിന്‍ സഖാഫി, അബ്ദുല്‍ കലാം അഹ്സനി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രവാസ ലോകത്ത് ശാരീരികക്ഷമതയും മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതില്‍ ഈ ഹെല്‍ത്ത് ക്ലബുകള്‍ വരുംദിവസങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രാദേശിക തലത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ജിദ്ദയില്‍ സജീവമായി നടന്നുവരികയാണ്.







