മലപ്പുറം | പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് പുഞ്ചിരി തൂകുന്ന മുഖവുമായി ഹൈദരലി തങ്ങള്‍ ഇനി ഇല്ല. പതിനായിരങ്ങളുടെ അന്തിമോപചാരവും കണ്ഠമിടറിയിള്ള പ്രാര്‍ഥനാ വചസ്സുകളും ഏറ്റുവാങ്ങി തങ്ങള്‍ ആറടി മണ്ണില്‍ അന്ത്യനിദ്രയായി. ഞായറാഴ്ച ഉച്ചയോടെ അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമുഅ മസ്ജിദിലെ കുടുംബ ഖബറിസ്ഥാനില്‍ ഖബറടക്കി. പിതാവ് പൂക്കോയ തങ്ങളുടെയും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബറുകള്‍ക്ക് അരികെയാണ് തങ്ങളുടെയും അന്ത്യനിദ്ര.







