Gulf
20 ദിവസത്തെ ഹജ്ജ് പാക്കേജ് അടുത്ത വർഷം പ്രാബല്യത്തിൽ
എംബാർക്കേഷൻ കൊച്ചിയില്‍ മാത്രം

അബൂദബി | പ്രവാസികള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയിലുള്ള 20 ദിവസത്തെ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ യാതാർഥ്യമാകുമെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കിയ ഈ പാക്കേജിന് 2,910 പേരാണ് അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 398 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പാക്കേജില്‍ അപേക്ഷ നല്‍കിയ പ്രവാസികള്‍ ഹജ്ജ് ക്യാമ്പിൽ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തണം. പാസ്‌പോര്‍ട്ട് സമര്‍പിക്കലും നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്ന് മാത്രമാണ് പുതിയ പാക്കേജിന് എംബാര്‍ക്കേഷന്‍ അനുമതിയുള്ളൂ. ഹ്രസ്വകാല ഹജ്ജ് പാക്കേജിന് നിരക്ക് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബുദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് റാഫി.
ഇന്ത്യൻ ഹജ്ജ് സെൽ വഴി ഹജ്ജിന് പോകാൻ അനുമതി ലഭിക്കുന്ന പ്രവാസികൾക്ക് ജോലി സ്ഥലത്ത് നിന്നും ഹജ്ജിന് പോകാൻ കഴിയില്ല. എന്നാൽ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ അനുമതിയുണ്ടെങ്കിലും റിട്ടേണ്‍ ടിക്കറ്റ് സ്വന്തം ചെലവില്‍ വഹിക്കണം. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന റിട്ടേണ്‍ ടിക്കറ്റില്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിന്നുള്ള വിമാന ടിക്കറ്റില്‍ ഭീമമായ വര്‍ധനവുണ്ടായതിനാല്‍ ഇത്തവണ കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ 8530 പേരെ തിരഞ്ഞെടുത്തപ്പോള്‍ 4,995 പേരും കൊച്ചിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്.
കണ്ണൂരില്‍ നിന്ന് 2,892 ഹാജിമാരുള്ളപ്പോള്‍ കോഴിക്കോട് നിന്ന് 632 ആയി ചുരുങ്ങി. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതാണ് കഴിഞ്ഞ വര്‍ഷം നിരക്ക് കൂടാന്‍ കാരണമായത്. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്പെടുത്തിയിട്ടുണ്ടെ
കണ്ണൂരില്‍ നിന്ന് ഹജ്ജ് യാത്രികരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവിടെ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും സര്‍ക്കാര്‍ അഞ്ച് കോടി രൂപ നീക്കിവെച്ചിട്ടുമുണ്ട്. ഒരു മള്‍ട്ടിപര്‍പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മാതൃകയിലായിരിക്കും ഹജ്ജ് ഹൗസ് പണിയുക. 27 കോടിരൂപയുടെ പദ്ധതിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ തുക കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും തയ്യാറാവുന്നുണ്ട്. ഈ പദ്ധതിക്കായി പ്രവാസികള്‍ സഹായിക്കണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.
ഭാവിയില്‍ കൊച്ചിയിലും ഹജ്ജ് ഹൗസ് പണിയാനാണ് ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കാന്‍ കമ്മിറ്റി ശ്രമിക്കുന്നുണ്ട്. 2026ലെ ഹജ്ജിന് ഇന്ത്യക്കുള്ള ക്വാട്ട സഊദി അറേബ്യ ഔദ്യോഗികമായി നിശ്ചയിട്ടില്ല. ആദ്യഘട്ടത്തില്‍ നറുക്കെടുപ്പിന് ഇന്ത്യയിലൊട്ടാകെയായി ഒരു ലക്ഷം സീറ്റുകളാണ് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിന് 8,530 സീറ്റൂകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകള്‍ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നുമിടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ 3,620 പേരില്‍ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവര്‍ക്കും അവസരം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള അപേക്ഷകളില്‍ 67 ശതമാനവും സ്ത്രീകള്‍ക്ക് മാത്രമായുള്ള പാക്കേജിലാണ്.
2026ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്ത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 2,643 പേര്‍. രണ്ടാമത് കോഴിക്കോട്. 1,340 പേര്‍. 38 പേര്‍ അപേക്ഷിച്ച പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ്. സഊദി അറേബ്യയില്‍ താമസ സ്ഥലത്ത് കാറ്ററിംദ് കമ്പനികള്‍ മുഖേന ഭക്ഷണം ലഭ്യമാവുന്നതിനുള്ള പ്രത്യേക ഓപ്ഷനും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിന് വരുന്ന നിരക്ക് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. അൻസാരി സൈനുദ്ധീൻ, കെ എസ് സി സെക്രട്ടറി സജീഷ് നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.