Connect with us

Kerala

പോലീസിന് വാഹനങ്ങൾ വാങ്ങുന്നതിന് 2.56 കോടി അനുവദിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കും.

Published

|

Last Updated

തിരുവനന്തപുരം | പോലീസ് ബറ്റാലിയനുകള്‍ക്കും പ്രത്യേക യൂനിറ്റുകള്‍ക്കുമായി 28 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് 2,56,60,348 രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരളാ ഫിഷറീസ്- സമുദ്രപഠന സര്‍വ്വകലാശാലക്ക് കീഴില്‍ കണ്ണൂര്‍ പയ്യന്നൂരിലെ നിര്‍ദിഷ്ട ഫിഷറീസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.

2021 ജൂണ്‍ ഏഴിന് ആംബുലന്‍സ് അപകടത്തില്‍ മരിച്ച തളിപ്പറമ്പ് കുടിയാന്‍മല സ്വദേശികളായ ബിജോ മൈക്കിള്‍, ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടൊപ്പം മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായി ഓരോ ലക്ഷം രൂപ വീതം ഓരോ കുട്ടിയുടെയും പേരില്‍ സ്ഥിരനിക്ഷേപമായും നല്‍കും. ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികള്‍ക്ക്/ ആശ്രിതര്‍ക്ക് 5,250 രൂപ വീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 11-ാം ശമ്പള പരിഷ്‌ക്കരണത്തിന് അനുസൃതമായി 01.07.2019 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവ് വരെയുള്ള കുടിശ്ശിക വിതരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടിശ്ശിക വിതരണം സംബന്ധിച്ച നിബന്ധനകള്‍ അനുസരിച്ചായിരിക്കും.
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകളോടെ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി സി എഫ് റോബര്‍ട്ടിനെ (റിട്ടയര്‍ഡ് കമാണ്ടന്റ് പോലീസ് വകുപ്പ്) പുനര്‍നിയമന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. എല്‍ ഷിബുകുമാറിനെ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

Latest