Connect with us

uae news

1000 പേരുടെ പൂക്കളം, 30 രാജ്യക്കാരുടെ ഓണക്കളി: യു എ ഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആഘോഷം

ആശംസകളുമായി ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീറും

Published

|

Last Updated

അബുദാബി | സുസ്ഥിരതയും സാംസ്‌കാരിക വൈവിധ്യവും ആഘോഷമാക്കിയ ആരോഗ്യ പ്രവര്‍ത്തകരുടെ വന്‍ ഒത്തുചേരലിലൂടെ യു എ ഇയിലെ ഓണാഘോഷങ്ങള്‍ക്ക് പൂവിളിയുയര്‍ന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുമിച്ചാണ് ആഘോഷമൊരുക്കിയത്. യുഎഇയുടെ സുസ്ഥിരത വര്‍ഷാചരണവും ഈ വര്‍ഷം രാജ്യം ആഥിത്യമരുളുന്ന കാലാവസ്ഥാ ഉച്ചകോടിയും പ്രമേയമാക്കിയാണ് ആഘോഷമൊരുക്കിയത്.

ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിടര്‍ന്ന 250 സ്‌ക്വയര്‍ മീറ്റര്‍ പൂക്കളം ഓണാഘോഷ വേദിയില്‍ ഒരുങ്ങി. ദാരിദ്ര്യ, പട്ടിണി നിര്‍മാര്‍ജനം, കാലാവസ്ഥ പദ്ധതികള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂക്കളത്തില്‍ തെളിഞ്ഞു.

ആയിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്. ആഗോളതലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തലായി കൂറ്റന്‍ പൂക്കളം.

വിവിധ ഓണക്കളികള്‍, കേരള കലാ രൂപങ്ങള്‍ എന്നിവയ്ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്.

യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ മുഖ്യാതിഥിയായി. പത്‌നി വന്ദന സുധീറിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അംബാസിഡര്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

അറബ് പാര്‍ലിമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യു എ ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവരുള്‍പ്പെടെവിശിഷ്ടാതിഥികളും പങ്കെടുത്തു.

വ്യത്യസ്തമായ ഓണാഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോര്‍ക്കാനുള്ള മികച്ച അവസരമാണിതെന്നും അല്‍ യമാഹി പറഞ്ഞു.

മലയാളികളുടെ ഓണം അന്താരാഷ്ട്ര പ്രാധാന്യത്തോടെയും ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും സന്തോഷം പങ്കുവച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍, രോഗികള്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

പരമ്പരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest