Connect with us

Ramzan

പാട്ടും കാർട്ടൂണും വേണ്ട, ആരാധനയിൽ ആനന്ദിക്കുക

Published

|

Last Updated

അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിധേയപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുമ്പോഴാണ് അതിനുള്ള പ്രതിഫലത്തിന് നാം അർഹരാകുന്നത്. സ്രഷ്ടാവിന്റെ മുമ്പിൽ ഒന്നുമല്ലെന്ന് സമ്മതിക്കലോടെ നാം കാണിക്കുന്ന പരമമായ വണക്കമാണ് ആരാധന.

ശാരീരികവും മാനസികവുമായ താത്പര്യങ്ങളെ പരിഗണിക്കാതെ അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുമ്പോഴാണ് യഥാർഥത്തിൽ നാം അവന്റെ ആജ്ഞാനുവർത്തികളാകുന്നത്. നോമ്പിന്റെ കാര്യത്തിൽ ഇത് കൂടുതൽ പ്രകടമാണ്. മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഭക്ഷണവും വെള്ളവും വർജിക്കുന്നു. ഇണകളോടുള്ള ഇടപഴകലുകൾക്കേർപ്പെടുത്തിയ കർശന നിബന്ധനകൾ പാലിക്കുന്നു. കൂടാതെ ആസ്വാദ്യവും ആനന്ദ നിർവൃതി തോന്നുന്നതുമായ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയും ചെയ്യുന്നു. ആദ്യം പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ നോമ്പ് മുറിഞ്ഞുപോകും.
അനുവദനീയമായ ആസ്വാദ്യങ്ങൾ കണ്ടും കേട്ടും തൊട്ടും മണത്തും അനുഭവിക്കാമെങ്കിലും നോമ്പുകാരൻ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണം. അഥവാ, പൂക്കളുടെ മനോഹാര്യത നോക്കിയിരിക്കലും നറുമണം ആസ്വദിക്കലും സൗകുമാര്യത തൊട്ടനുഭവിക്കലും ഉപേക്ഷിക്കണം; അത് സുന്നത്താണ്.
നോന്പുകാരൻ കർണാനന്ദം കൊള്ളാനായി പാട്ട് കേൾക്കലും നേരം പോക്കിനായി ഫലിത വീഡിയോകളും ഹാസ്യ ദൃശ്യങ്ങളും കാണലും ഒഴിവാക്കേണ്ടതാണ്.

പൊതുവിൽ നിഷിദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കാൻ നോമ്പുകാരൻ പ്രത്യേകം ശ്രദ്ധിക്കണം. കുറ്റകരമല്ലാത്ത പ്രവർത്തനങ്ങൾ വരെ ഒഴിവാക്കി അല്ലാഹുവിലേക്ക് ആത്മ സമർപ്പണം നടത്തേണ്ട സമയത്ത് ഹറാമായ പ്രവർത്തനങ്ങൾ ഒരിക്കലും ഉണ്ടായിക്കൂടാ. കളവ്, അപഖ്യാതി പരത്തൽ, പരദൂഷണം, കാമാത്മക ദർശനം, കള്ളസാക്ഷി നിൽക്കൽ എന്നിവ നോമ്പുകാരൻ തീരേ പ്രവർത്തിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്.

മഹാനായ ഹാഫിള് അബൂ മൂസൽ മദനിയ്യ് പറയുന്നു: നോന്പുകാരൻ അന്നപാനീയങ്ങളുപേക്ഷിക്കാൻ എളുപ്പമാണ്. നീ നോമ്പെടുക്കുകയാണെങ്കിൽ നിന്റെ കാതും കണ്ണും നാവും കളവിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും അകന്ന് നിന്ന് നിന്നോടൊപ്പം നോമ്പനുഷ്ഠിക്കണം. അയൽക്കാരനെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. (ഇർശാദുൽ ഇബാദ്) അബൂഹുറൈറ (റ)യിൽ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു നബി(സ) പറഞ്ഞു: “നിങ്ങൾ നോമ്പുകാരാണെങ്കിൽ മോശപ്പെട്ട സംസാരം ഉപേക്ഷിക്കണം. ശബ്ദം ഉയർത്തിയും മോശമായും സംസാരിക്കരുത്. നിങ്ങളെ ആരെങ്കിലും ചീത്തവിളിക്കുകയോ അടിക്കാൻ വരികയോ ചെയ്താൽ ഞാൻ നോന്പുകാരനാണെന്ന് പറയണം. അക്രമികളോടടക്കം സംയമനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തിലുമാണ് പെരുമാറേണ്ടതെന്നാണീ ഹദീസ് പഠിപ്പിക്കുന്നത്.