Kerala
സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സ്വകാര്യ ബസുകള്‍ പൂര്‍ണമായും നിരത്തിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ ചെറിയ രീതിയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമാണ് കെ എസ് ആര്‍ ടി സി ബസുകള്‍ ചെറിയ രീതിയില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ മധ്യകേരളത്തില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നില്ല.
ഓട്ടോ, ടാക്സി എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചരക്ക് നീക്കങ്ങള്‍ തടസപ്പെടും. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ പണിമുടക്കുന്ന സാഹചര്യത്തില്‍, ഇന്നു നടക്കാനിരുന്ന എസ് എസ് എല്‍ സി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.വിവിധ ട്രേഡ് യൂണിയന്‍ സംഘടകള്‍ അല്‍പ്പസമയത്തിനകം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും







