Connect with us

Ongoing News

തുല്യശക്തികളുടെ പോര് സമനിലയിൽ

Published

|

Last Updated

ഫറ്റോര്‍ഡ | എഫ് സി ഗോവയും എ ടി കെ മോഹന്‍ ബഗാനും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 62ാം മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 75ാം മിനുട്ടില്‍ എഡു ഗാര്‍ഷ്യയാണ് മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്. പത്ത് മിനുട്ടിനകം 85ാം മിനുട്ടിൽ ഇഷാൻ പണ്ഡിത ഗോവക്ക് വേണ്ടി സമനില നേടി.

ഒന്നും പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചിരുന്നു. ആദ്യ രണ്ട് മിനുട്ടുകളില്‍ തന്നെ മോഹന്‍ ബഗാന്റെ എഡു ഗാര്‍ഷ്യ എണ്ണം പറഞ്ഞ രണ്ട് ഷോട്ടുകളാണ് ഗോവക്ക് നേരെ ഉതിര്‍ത്തത്. എന്നാല്‍ അവ ലക്ഷ്യം കണ്ടില്ല. ശേഷം അപകടം മണത്ത ഗോവന്‍ നിര ഉണര്‍ന്നുകളിക്കുകയും കളി വരുതിയിലാക്കുകയും ചെയ്തു. പന്തടക്കത്തില്‍ ഗോവ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഒന്നാം പകുതിയില്‍ ഗോള്‍ പിറന്നില്ല. അപ്പുറത്ത് എ ടി കെയും ആക്രമിച്ചു കളിച്ചിരുന്നു.

രണ്ടാം പകുതിയാരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ എഡു ഗാര്‍ഷ്യ ഗോവയുടെ ഗോള്‍മുഖത്തേക്ക് ഇരമ്പി വന്നെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലാണ് പതിച്ചത്. 63ാം മിനുട്ടില്‍ സാഹില്‍ ശൈഖിന് പകരം ജയേഷ് റാണെയെ എ ടി കെ കളത്തിലിറക്കി. 65ാം മിനുട്ടില്‍ ഗോവന്‍ പക്ഷത്തും പകരക്കാരെത്തി. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനെ പിന്‍വലിച്ച് ദേവേന്ദ്ര മുര്‍ഗോകറിനെയാണ് ഗോവയിറക്കിയത്. ഫെര്‍ണാണ്ടസിന് പരുക്കേറ്റതോടെയാണ് കളം വിടേണ്ടി വന്നത്.

67ാം മിനുട്ടില്‍ ഒന്നാന്തരമൊരു മുന്നേറ്റം ഗോവ നടത്തിയിരുന്നു. ഇടതുഭാഗത്തുകൂടെ ഓടിയെത്തിയ സേവ്യര്‍ ഗാമ ക്രോസ് നല്‍കിയെങ്കിലും തിരി തട്ടിയകറ്റി. തുടര്‍ന്ന് വന്ന കോര്‍ണര്‍ ഷോട്ട് എ ടി കെയുടെ പ്രതിരോധ നിര ക്ലിയര്‍ ചെയ്തു. 61ാം മിനുട്ടിലാണ് റഫറി അജിത് മിടെയ്ക്ക് മഞ്ഞക്കാര്‍ഡ് ഉയര്‍ത്തേണ്ടി വന്നത്. ഇരുടീമിലെ അംഗങ്ങള്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഗോവയുടെ ഇവാന്‍ ഗോണ്‍സാലസിനും എ ടി കെയുടെ കാള്‍ മക്ഹഫിനുമാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 74ാം മിനുട്ടില്‍ ഗോവയുടെ ജെയിംസ് ഡൊണാഷിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയ എഡു ഗാര്‍ഷ്യയുടെ ശ്രമം 75ാം മിനുട്ടില്‍ ഫലം കണ്ടു. ഫ്രീകിക്കാണ് ഗാര്‍ഷ്യ നേരിട്ട് വലയിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഫ്രീകിക്ക് ഗോളാക്കുന്നത്. ജെയിംസ് ഡൊണാഷിയുടെ ഫൗളാണ് ഫ്രീകിക്കിന് കാരണമായത്.

80ാം മിനുട്ടില്‍ ഇരട്ട മാറ്റമാണ് ഗോവന്‍ നിരയില്‍ കണ്ടത്. അലക്‌സാണ്ടര്‍ യേശുരാജ്, ലെനി റോഡ്രിഗസ് എന്നിവരെ പിന്‍വലിച്ച ഗോവ ഇഷാന്‍ പണ്ഡിത, പ്രിന്‍സറ്റണ്‍ റെബെല്ലോ എന്നിവരെ പകരമിറക്കി. മറുപക്ഷത്ത് ഗോള്‍നേടിയ എഡു ഗാര്‍ഷ്യയെയാണ് എ ടി കെ മാറ്റിയത്. പകരം ജാവിയര്‍ ഹെര്‍ണാണ്ടസാണ് എത്തിയത്.

പകരക്കാരനായെത്തിയ ഇഷാന്‍ പണ്ഡിത നാല് മിനുട്ടിനുള്ളില്‍ ഗോള്‍ നേടി ഗോവക്ക് സമനില നേടിക്കൊടുത്തു. 85ാം മിനുട്ടിലായിരുന്നു ഇത്.

സമനില പൊളിക്കുകയെന്ന ലക്ഷ്യത്തോടെ ഡേവിഡ് വില്യംസിനെ പിന്‍വലിച്ച് മന്‍വീര്‍ സിംഗിനെ എ ടി കെ കളത്തിലിറക്കി. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും സമനില പൊളിഞ്ഞില്ല.

---- facebook comment plugin here -----

Latest