Connect with us

Editorial

ഫഖ്‌രിസാദേഹിന്റെ വധവും പ്രത്യാഘാതങ്ങളും

Published

|

Last Updated

ഇറാന് കനത്ത നഷ്ടമാണ് ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദേഹിന്റെ മരണം. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിനു സമീപം ദാവന്തില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ഇറാന്‍ ആണവായുധ പദ്ധതിയുടെ തലവനുമായ മുഹ്‌സിന്‍ ഫഖ്‌രിസാദേഹിന് നേരേ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. അതിവിദഗ്ധരായ കമാന്‍ഡോകളുടെ അതിശക്തമായ സുരക്ഷാ വലയത്തിനിടയില്‍ നിന്നാണ് അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അമേരിക്കയുടെ ഒത്താശയോടെ ഇസ്‌റാഈല്‍ ചാരസംഘടനായ മൊസാദാണ് കൃത്യം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍ ആണവായുധ പദ്ധതിയുടെ പിതാവാണ് ഫഖ്‌രിസാദേഹെന്നും ആ പേര് ഓര്‍ത്തുവെക്കണമെന്നും 2018ല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നയിക്കുന്നത് ഫഖ്‌രിസാദേഹാണെന്ന നിഗമനത്തില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു മൊസാദ് എന്നാണ് റിപ്പോര്‍ട്ട്.

ഫഖ്‌രിസാദേഹിന് മുമ്പായി നാല് ഇറാനിയന്‍ ശാസ്ത്രജ്ഞരെ മൊസാദ് കൊലപ്പെടുത്തിയിട്ടുണ്ട്. കണികാ ഭൗതികശാസ്ത്ര വിദഗ്ധന്‍ മസൂദ് അലി മുഹമ്മദിനെ 2020ല്‍ വിദൂര നിയന്ത്രിത ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ചു. അതേ വര്‍ഷം ന്യൂക്ലിയര്‍ സയന്റിസ്റ്റ് മജീദ് ശഹ്‌റിയാറിനെ കാറിന് ബോംബെറിഞ്ഞു കൊലപ്പെടുത്തി. 2011ല്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു പറ്റം സായുധരായ അജ്ഞാതര്‍ ദരിയുഷ് രജനേജാദിനെ വെടിവെച്ചു കൊന്നു. ഒരു വര്‍ഷത്തിനു ശേഷം, ഇറാനിലെ യുറേനിയന്‍ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഹെഡ് മുസ്തഫ അഹ്മദി റോഷന്‍ കൊല്ലപ്പെട്ടു. ജോലിക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ ആണ് ഇവരൊക്കെയും കൊല്ലപ്പെട്ടത്. അല്‍ഖാഇദ കമാന്‍ഡറും സംഘടനയുടെ നേതൃനിരയിലെ രണ്ടാമനുമായിരുന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ല എന്ന അബൂ മുഹമ്മദ് അല്‍ മസ്‌റിയെ കൊന്നതും യു എസിന്റെ നിര്‍ദേശപ്രകാരം മൊസാദായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇറാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന അല്‍ മസ്‌റിക്കു നേരേ കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് തെഹ്‌റാന്‍ നഗരപ്രാന്തത്തില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. കൂടെ അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ടു. അതിനിടെ ഇറാന്റെ രണ്ട് ആണവ കേന്ദ്രങ്ങളിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. തെഹ്‌റാനില്‍ നിന്ന് 200 മൈല്‍ ദൂരെ ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രത്തിലും ഒരു മിസൈല്‍ ഉത്പാദന യൂനിറ്റിലുമാണ് സൈബര്‍ വിദ്യ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.
ഇറാന്റെ ആണവ സംസ്‌കരണ പദ്ധതിയെ പിന്നോട്ടടിപ്പിക്കുകയാണ് ആണവ വിദഗ്ധര്‍ക്കും ആണവ നിലയങ്ങള്‍ക്കും നേരേയുള്ള ആക്രമണങ്ങളുടെ ലക്ഷ്യം. വിശിഷ്യാ ഫഖ്‌രിസാദേഹിന്റെ മരണം ഇറാന്‍ ആണവ പദ്ധതികളെ സാരമായി ബാധിക്കുമെന്നാണ് അമേരിക്ക, ഇസ്‌റാഈല്‍ കൂട്ടുകെട്ടിന്റെ വിശ്വാസം. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധന്‍ കൂടിയായ അദ്ദേഹം ഇറാന്റെ മിസൈല്‍ പദ്ധതികളിലും പങ്കാളിയായിരുന്നു. എന്നാല്‍ തങ്ങളുടെ ആണവ ശാസ്ത്രജ്ഞര്‍ ഏതുനിമിഷവും കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യാമെന്ന് അറിയാവുന്നതിനാല്‍ ഇറാന്‍ ആണവ പദ്ധതിയില്‍ വൈദഗ്ധ്യം നല്‍കി വേറെയും ശാസ്ത്രജ്ഞരെ സജ്ജമാക്കിയിട്ടുണ്ടെന്നും ഫഖ്‌രിസാദേഹിന്റെ മരണം അവരുടെ ആണവ പദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു.

അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഏക അറബ് രാഷ്ട്രമെന്ന നിലയില്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കണ്ണിലെ കരടാണ് ഇറാന്‍. വിശിഷ്യാ ഇറാന്റെ ആണവ നിലയം അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്‌റാഈലും അമേരിക്കയും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. സമാധാന ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവ പദ്ധതികളെന്നു ഇറാന്‍ തറപ്പിച്ചു പറഞ്ഞിട്ടും അണു ബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നാണ് അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും പക്ഷം. 2015ല്‍ ആണവ സമ്പുഷ്ടീകരണ നടപടികള്‍ ഇറാന്‍ മരവിപ്പിച്ചെങ്കിലും മുഹ്‌സിന്‍ ഫഖ്‌രിസാദേഹിന്റെ നേതൃത്വത്തില്‍ ഈ പ്രക്രിയ രഹസ്യമായി തുടര്‍ന്നു വന്നിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

ഫഖ്‌രിസാദേഹിന്റെ വധം എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ലോകം ഇനി ഉറ്റുനോക്കുന്നത്. കൊലക്ക് പ്രതികാരം ചെയ്യാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈയുടെ സൈനിക ഉപദേഷ്ടാവ് പ്രതിജ്ഞയെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലക്കു പിന്നില്‍ ഇസ്‌റാഈലാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി ഇറാന്‍ ഐക്യരാഷ്ട്ര സംഘടനക്ക് കത്ത് നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള ആക്രമണവും ഹിസ്ബുല്ലയെ മുന്‍നിര്‍ത്തിയുള്ള ഗറില്ലാ ആക്രമണവും ഇറാന്‍ നടത്തിയേക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ആഗസ്റ്റില്‍ ആയിരം കി.മീറ്റര്‍ വരെ ദൂരപരിധി താണ്ടുന്ന ക്രൂയിസ് മിസൈലും 1,400 കി.മീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലും പുറത്തിറക്കിയിട്ടുണ്ട് ഇറാന്‍. കൂടാതെ ഭൂഗര്‍ഭാന്തര ബാലിസ്റ്റിക് മിസൈലും രഹസ്യമായി പരീക്ഷിച്ചിട്ടുണ്ട്. അത്യാധുനിക ശേഷിയുള്ള ഈ മിസൈലുകള്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് ഭൂമിക്കടിയില്‍ മറച്ചു വെച്ചിരിക്കുകയാണെന്നും ആയുധങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇറാന്റെ മണ്ണില്‍ ചിതറിക്കിടക്കുന്നുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യയില്‍ വര്‍ധിച്ചു വരുന്ന യു എസ് സൈനിക ബലത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ ആയുധ വികസനം. ഈ സാഹചര്യത്തില്‍ ഒരു തിരിച്ചടിക്ക് ഇറാന്‍ മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. പുറമെ എന്തൊക്കെ വീമ്പിളക്കിയാലും അമേരിക്കയും ഇസ്‌റാഈലും ഭീതിയോടെയാണ് ഇറാനെ നോക്കിക്കാണുന്നത്. ഇതിനിടെ ഇറാന്റെ സുപ്രധാന ആണവ കേന്ദ്രം ആക്രമിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി വാര്‍ത്ത വന്നിരുന്നു. പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും പ്രതിരോധ വിദഗ്ധര്‍ ഉപദേശിച്ചതോടെ ട്രംപ് പിന്മാറുകയായിരുന്നുവെന്നാണ് സൂചന.

Latest