Kerala
ശബരിമല വനത്തിനുള്ളില്‍ യുവതിക്ക് സുഖപ്രസവം


ശബരിമല ഉള്‍വനത്തില്‍ ചാലക്കയത്തിന് സമീപം അരുവിത്തോട്ടില്‍ ആദിവാസി യുവതി ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നു.
പത്തനംതിട്ട: കൊടുങ്കാടിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. പത്തനംതിട്ട ശബരിമല ചാലക്കയത്തിന് സമീപം വനമേഖലയില്‍ കഴിയുന്ന മലമ്പണ്ടാര വനവാസി വിഭാഗത്തില്‍പ്പെട്ട ഭാസ്‌കരന്റെ ഭാര്യ മഞ്ജു (26) ആണ് ചാലക്കയം അരുവിത്തോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
രണ്ടാം തീയതി രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി ശനിയാഴ്ച രാവിലെയോടെയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മഞ്ജുവിന്റെ ഭര്‍ത്താവ് ഭാസ്‌കരന്‍ അട്ടത്തോട്ടിലെ അങ്കണവാടി ടീച്ചര്‍ കുഞ്ഞുമോളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അങ്കണവാടി ടീച്ചര്‍ പെരുനാട് സി എച്ച് സിയില്‍ അറിയിച്ചു.
സംഭവം അറിഞ്ഞുടന്‍ തന്നെ പെരുനാട് സി എച്ച് സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശബരിയുടെ നിര്‍ദ്ദേശാനുസരണം റാന്നി താലൂക്ക് ആശുപത്രിയിലെ എസ്ടി പ്രമോട്ടര്‍ ഗിരിവാസന്‍, ആശ വര്‍ക്കര്‍ ശ്രീജ ഹരീഷ്, ആംബുലന്‍സ് ഡ്രൈവര്‍ മനു, അങ്കണവാടി ടീച്ചര്‍ കുഞ്ഞുമോള്‍, എസ്.ടി. പ്രമോട്ടറായ മായ എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് മൂന്നോടെ ആരോഗ്യപ്രവര്‍ത്തകര്‍ ചാലക്കയത്ത് ഇവരുടെ വാസസ്ഥലത്ത് എത്തി.
ചാലക്കയത്ത് ഉള്‍വനത്തില്‍ കഴിയുന്ന ഇവരുടെ വാസ സ്ഥലത്തേക്ക് മൂന്ന് കിലോമീറ്റര്‍ താണ്ടി ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനെയും മാറ്റുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആശുപത്രിയില്‍ പോകുന്നതിന് മഞ്ജു തയ്യാറായില്ല. പരമ്പരാഗത മരുന്നുകളും പ്രസവാനന്തര ശുശ്രൂഷകളും തുടരുന്നതിനാണ് താല്‍പ്പര്യം എന്നറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ തിരികെ പോന്നു.