അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തതായി ചൈന

Posted on: September 8, 2020 8:00 am | Last updated: September 8, 2020 at 12:19 pm

ന്യൂഡല്‍ഹി | ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തെന്നും തങ്ങള്‍ തിരിച്ചടിച്ചെന്നും ചൈന. ചൈനീസ് സൈനിക വക്താവ് ഷാങ് ഷൂയിയാണ് ഇക്കാര്യം പറഞ്ഞത്. കിഴക്കന്‍ ലഡാക്ക് മേഖലയിലെ അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായാണ് ആരോപണം. എന്നാല്‍, ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ചൈനയുടെ അതിര്‍ത്തി ലംഘനം ഇന്ത്യ ചെറുക്കുകയായിരുന്നുവെന്ന് ഉന്നതോദ്യോഗസ്ഥരെ ഉന്നയിച്ച് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

അതിര്‍ത്തിയില്‍ 40 കൊല്ലത്തിനു ശേഷമാണ് വെടിവെപ്പ് നടക്കുന്നത്. അതിര്‍ത്തിയിലെ ഒന്നിലധികം ഭാഗങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രങ്ങളും സംഘര്‍ഷത്തിലാണ്. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് സംഘര്‍ഷാവസ്ഥ സംജാതമായത്.
ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ സ്ഥിതി അത്യന്തം വഷളായി. കഴിഞ്ഞ മാസങ്ങളിലായി പ്രതിരോധ മന്ത്രി തലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ച നടന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.