Connect with us

Gulf

പ്രാര്‍ഥനയോടെ ഹാജിമാര്‍ അറഫയില്‍

Published

|

Last Updated

അറഫ | “അല്‍ഹജ്ജു അറഫ” (ഹജ്ജ് എന്നാല്‍ അറഫയില്‍ നില്‍ക്കലാണ്) എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കിക്കൊണ്ട് ഹജ്ജ് കര്‍മങ്ങളുടെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ അറഫയിലെത്തി. ഈ വര്‍ഷം 160 രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരാണ് അറഫയില്‍ സംഗമിച്ചിരിക്കുന്നത്. ഹാജിമാര്‍ യൗമുതര്‍വിയയായ ദുല്‍ഹിജ്ജ എട്ടിന് മിനായിലെ അബ്റാജ് മിനാ കെട്ടിടത്തിലായിരുന്നു പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്നത്.

രാവിലെ മുതല്‍ തന്നെ തീര്‍ഥാടകരെ പ്രത്യേകം ബസ്സുകളിലാണ് അറഫയിലെത്തിച്ചത്. അറഫയില്‍ വാഹനമിറങ്ങിയ ഹാജിമാരുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് മസ്ജിദുന്നമിറ മസ്ജിദിലേക്ക് പ്രവേശനം അനുവദിച്ചത്. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം മിനായില്‍ നിന്നും അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ സൗകര്യം നിര്‍ത്തിവച്ചിരുന്നു.

അറഫയിലെ മസ്ജിദുന്നമിറയില്‍ സാമൂഹിക അകലം പാലിച്ചാണ് പ്രാര്‍ഥനക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതി ഉണ്ടായിരുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) പങ്കെടുത്ത അവസാനത്തെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും മസ്ജിദുന്നമിറയില്‍ അറഫ ഖുതുബ നടക്കുക. ഈ വര്‍ഷത്തെ അറഫാ ഖുതുബക്ക് ശൈഖ് അബ്ദുല്ല അല്‍ മനീഅ് ആണ് നേതൃത്വം നല്‍കുന്നത്.

നമിറ പള്ളിയില്‍ വേച്ച് ളുഹറും അസറും ഒരുമിച്ച് നിസ്‌ക്കരിക്കുകയും മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെ അറഫയില്‍ പാപമോചന പ്രാര്‍ഥനകളും മന്ത്രധ്വനികളുമായി കഴിയുകയും ചെയ്ത ശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി സൂര്യാസ്തമയത്തോടെ നീങ്ങും.
എല്ലാ വര്‍ഷവും ജംറയില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നായിരുന്നു ശേഖരിച്ചിരുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം പ്രത്യേകം കല്ലുകള്‍ ഹാജിമാര്‍ക്കായി നേരത്തെ തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest