പാലക്കാട് ജില്ലയിൽ കൊവിഡ് ഭേദമായ അഞ്ചുപേർ ഇന്ന് ആശുപത്രി വിടും

Posted on: April 30, 2020 3:59 pm | Last updated: April 30, 2020 at 4:00 pm

പാലക്കാട് | ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ രോഗമുക്തി നേടി. ഇവർ ഇന്ന്  ആശുപത്രി വിടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച യു പി(18) സ്വദേശി,
പുതുപ്പരിയാരം കാവിൽപാട്(42), വിളയൂർ(23), മലപ്പുറം ഒതുക്കുങ്ങലിലെ പതിനെട്ടുവയസ്സുകാരൻ  എന്നിവരാണ് ജില്ലാ ആശുപത്രിയിൽ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവർക്ക് സാമ്പിൾ പരിശോധനയിൽ തുടർച്ചയായി രണ്ടുതവണ കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

കോട്ടോപ്പാടം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടർച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാൽ എട്ടു തവണ സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഏപ്രിൽ 27, 30 തീയതികളിൽ നടത്തിയ പരിശോധനകളിൽ ആണ് നെഗറ്റീവ് ഫലം വന്നത്. ആശുപത്രി വിടുന്നവരോട്
വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച കുഴൽമന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏപ്രിൽ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂർ സ്വദേശി ഇടുക്കിയിൽ ചികിത്സയിൽ തുടരുകയാണ്.