Connect with us

Ongoing News

ഏകദിനത്തില്‍ കണക്കു തീര്‍ത്ത് കിവീസ്; പരമ്പര തൂത്തുവാരി

Published

|

Last Updated

ബേ ഓവല്‍ | ടി ട്വന്റിയിലേറ്റ സമ്പൂര്‍ണ പരാജയത്തിന് ഏകദിനത്തില്‍ മധുരമായി പകരം വീട്ടി ന്യൂസിലന്‍ഡ്. ബേ ഓവലിലെ അവസാന അങ്കത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കിവികള്‍ പരമ്പരയില്‍ വൈറ്റ് വാഷ് നടത്തിയത് (3-0). സ്‌കോര്‍: ഇന്ത്യ അമ്പതോവറില്‍ 296/7, ന്യൂസിലന്‍ഡ്- 300/5 (47.1).

ഇന്ത്യയുടെ മികച്ച സ്‌കോറിനെ പിന്തുടര്‍ന്ന ആതിഥേയര്‍ക്കു വേണ്ടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (46 പന്തില്‍ 66), ഹെന്റി നിക്കോള്‍സ് (103ല്‍ 80) ഓപ്പണിംഗ് ജോഡി മിന്നുന്ന തുടക്കമാണ് നല്‍കിയത്. 106 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നത്. ഗുപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് ചാഹലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീടെത്തിയ കെയിന്‍ വില്യംസണ്‍ 22 റണ്‍സില്‍ നില്‍ക്കെ മടങ്ങി. ചാഹലിനു തന്നെയായിരുന്നു ഈ വിക്കറ്റും.

പരമ്പരയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയെ വെള്ളം കുടിപ്പിച്ച റോസ് ടെയ്‌ലര്‍ക്ക് പക്ഷെ ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. 12 റണ്‍സ് മാത്രമെടുത്ത ടെയ്‌ലറെ ജഡേജയാണ് പവലിയനിലേക്ക് തിരിച്ചയച്ചത്. 19 റണ്‍സില്‍ നീഷാമും വീണു. എന്നാല്‍, അതിനു ശേഷം ഒത്തുചേര്‍ന്ന ടോം ലാഥം (34ല്‍ 32), കോളിന്‍ ഗ്രാന്‍ഹോം (28ല്‍ 58) എന്നിവര്‍ കത്തിക്കയറിയതോടെ മത്സരം കിവികള്‍ക്ക് അനുകൂലമാവുകയായിരുന്നു.

നേരത്തെ, ഉജ്ജ്വല ഫോമിലുള്ള കെ എല്‍ രാഹുലിന്റെ ശതകത്തിന്റെയും ശ്രേയസ് അയ്യരുടെ അര്‍ധ ശതകത്തിന്റെയും ബലത്തിലാണ് ഇന്ത്യ 50 ഓവറില്‍ 296 റണ്‍സെടുത്തത്. രാഹുല്‍ 113 പന്തില്‍ 112 ഉം പാണ്ഡെ 48 പന്തില്‍ 42 ഉം റണ്‍സ് നേടി. 42ല്‍ 40 അടിച്ചെടുത്ത പൃഥ്വി ഷായുടെതായിരുന്നു മറ്റൊരു മികച്ച പ്രകടനം. ഒരു റണ്‍ മാത്രമെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, നായകന്‍ കോലി (9) എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. തുടര്‍ന്നാണ് ശ്രേയസും രാഹുലും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

Latest