ശിവസേന പോയി; ഇനി നവനിര്‍മാണ്‍ സേനയെ ഒപ്പം നിര്‍ത്താന്‍ ബി ജെ പി ശ്രമം

Posted on: January 14, 2020 11:49 am | Last updated: January 14, 2020 at 5:03 pm

മുംബൈ | ശിവസേനയുമായി വഴിപിരിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) യെ ഒപ്പം നിര്‍ത്താന്‍ ബി ജെ പി ശ്രമം. രാജ് താക്കറെയുമായി ബി ജെ പി നേതൃത്വം അശയവനിമയം നടത്തി. മുന്‍മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള ബി ജെ പി നേതാക്കള്‍ രാജ് താക്കറെയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫഡ്‌നാവിസുമായി സൗഹൃദ ചര്‍ച്ച മാത്രമാണ് നടന്നതെന്നാണ് രാജ്താക്കറെ പറയുന്നത്.

രാജ് താക്കറെയും ദേവന്ദ്ര ഫഡ്‌നവിസും മുംബൈ സെന്‍ട്രലിലുള്ള ഇരുവരുടെയും പൊതു സുഹൃത്തിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ഈ മാസം 23ന് എം എന്‍ എസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ് താക്കറെ ബി ജെ പിയുമായുള്ള ബന്ധത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. സഖ്യമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പരസ്പര ധാരണകളോടെ സഖ്യമില്ലാതെ അടവുനയം സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ഇരുപാര്‍ട്ടികള്‍ക്കും മുന്നിലുള്ളത്. ഇതില്‍ ഏത് സ്വീകരിക്കുമെന്നത് സംബന്ധിച്ച് 23ന് രാജ് താക്കറെ നിലപാട് അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.