സവര്‍ക്കറല്ല, ഗാന്ധിയാണ് ശരി

ഒരു കാര്യം വ്യക്തമാണ്, ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തെയാണ്, ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത് ഷായും കൂടി ഈ ഒറ്റ ബില്ലിലൂടെ റദ്ദ് ചെയ്ത് കളഞ്ഞത്. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഒരുമിക്കേണ്ട കാലമാണിത്.
Posted on: December 16, 2019 9:53 am | Last updated: December 16, 2019 at 9:55 am

1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്്ലിംകള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം, ഇന്ത്യ എന്ന ആശയത്തിനു തന്നെയുള്ള വെല്ലുവിളിയാണ്.

ഇന്ത്യയെ ഇന്ത്യയായും നമ്മെ ഇന്ത്യക്കാരായും നിലനിര്‍ത്തുന്നത് ഭരണഘടനയാണ്. WE the people of India എന്ന വാചകത്തിലാണ് ഭരണഘടന തുടങ്ങുന്നത് തന്നെ. Indianness എന്ന നമ്മുടെ പൗരത്വ ബോധം, WE അഥവാ നമ്മള്‍ എന്ന ഈ വാക്കില്‍ ഭരണഘടനാ ശില്‍പ്പികള്‍ കൊത്തി വെച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന ബോധത്തില്‍ മതവിദ്വേഷത്തിന്റെ വിഷം കലര്‍ത്തി, ഇന്ത്യക്കാരെ നമ്മള്‍ എന്നും നിങ്ങള്‍ എന്നുമുള്ള പിളര്‍പ്പിന്റെ ബോധത്തിലേക്ക് തള്ളി വിടുകയാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് ഈ കരിനിയമത്തിലൂടെ ചെയ്യുന്നത്. സത്യത്തില്‍ നമ്മള്‍ എന്ന ഈ ബോധം തന്നെ വൈകാരികമായി വ്യത്യാസം സംഭവിക്കുന്നതാണ്. യുദ്ധം പോലുള്ള സമയങ്ങളില്‍ അതിന്റെ സാന്ദ്രത കൂടുകയും കുടിയൊഴിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന നിമിഷങ്ങളില്‍ അത് വളരെ അധികം കുറയുകയും ചെയ്യുന്നു. ഇവിടെ 20 കോടിയോളം വരുന്ന ഒരു ജനസമൂഹത്തെ ഒറ്റപ്പെടുത്തുന്ന ഈ നിയമം വഴി നമ്മള്‍ ചരിത്രത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ഭരണഘടനാ അപചയമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ ഉന്മൂലനമാണ്.
ജനാധിപത്യവും മതനിരപേക്ഷതയും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് നെഹ്‌റു എപ്പോഴും പറയാറുണ്ടായിരുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കണമെങ്കില്‍ അതിന് മതനിരപേക്ഷമായ ഒരു സാമൂഹിക ഘടന ഉണ്ടെങ്കിലേ കഴിയൂ.

രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് നമ്മുടെ മതനിരപേക്ഷ സംവിധാനത്തെയാണ്. കാരണം മതനിരപേക്ഷത ഇല്ലാതായാല്‍ ജനാധിപത്യം എന്നത് കരക്ക് പിടിച്ചിട്ട മത്സ്യത്തെപ്പോലെയാണ്. അത് സ്വാഭാവികമായി ഇല്ലാതാകും. സംഘ്പരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അത് തന്നെയാണ്. ഇതിനായി, പണ്ട് ഹിറ്റ്്ലറും ഗീബല്‍സും ചെയ്ത പോലെ
പെരും നുണകളുടെ ഹിമാലയമാണ് പാര്‍ലിമെന്റിനകത്തും പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ഒരു പച്ചക്കള്ളം ലജ്ജയേതുമില്ലാതെ പാര്‍ലിമെന്റില്‍ അമിത് ഷാ തട്ടിവിട്ടു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിച്ചത് ഹിന്ദു മഹാസഭയായിരുന്നു. 1923ല്‍ എഴുതിയ ഹിന്ദുത്വ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്്ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്ന് വി ഡി സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. 1925ല്‍ സ്ഥാപിതമായ ആര്‍ എസ് എസ് ആകട്ടെ ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ ആശയം പകര്‍ത്തിയത് സവര്‍ക്കറുടെ ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. അതിന് കൃത്യം 16 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേസമയം, ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അവസാന നിമിഷം വരെ ദ്വിരാഷ്ട്ര വാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ട് കണ്ണുകളാണ്. ഒരു കണ്ണിന് എങ്ങനെ മറ്റൊരു കണ്ണിന്റെ ശത്രുവാകാന്‍ കഴിയും എന്നാണ് ഗാന്ധിജി ചോദിച്ചത്.

ഒരു കാര്യം വ്യക്തമാണ്, ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തെയാണ്, ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത് ഷായും കൂടി ഈ ഒറ്റ ബില്ലിലൂടെ റദ്ദ് ചെയ്ത് കളഞ്ഞത്. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഒരുമിക്കേണ്ട കാലമാണിത്. ആ ഒരുമയുടെ കാഴ്ചയാണ് ഡല്‍ഹിയില്‍ രാം ലീല മൈതാനിയില്‍ നാം കണ്ടത്. ഈ കാലഘട്ടത്തില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യമാണ് രാഹുല്‍ ഗാന്ധി അവിടെ ഉയര്‍ത്തിയത് – ഞാന്‍ സവര്‍ക്കറല്ല, ഞാന്‍ ഗാന്ധിയാണ് എന്നത്. ഇന്ത്യ മുഴുവന്‍ ഈ മുദ്രാവാക്യം ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. കാരണം സവര്‍ക്കറല്ല, ഗാന്ധിയാണ് ശരി.

അനിതരസാധാരണമായ ഒരു ഘട്ടമാണിത്. ഇവിടെ അനിതരസാധാരണമായ നിലപാടുകളും കൂട്ടായ്മകളും സമര രീതികളും ആവശ്യം വരും. അതുകൊണ്ട് തന്നെയാണ് നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാഷ്ട്രത്തിന്റെ നില്‍നില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സമയത്ത് കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രതിപക്ഷവും ചേര്‍ന്ന് ഒരു സംയുക്ത സമരത്തിന് യു ഡി എഫ് തയ്യാറായത്. ഇതോടൊപ്പം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗ് അടക്കമുള്ള മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ബില്ലിനെതിരെ നിയമ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ കേസില്‍ ഞാനും കക്ഷി ചേരുകയാണ്.

രണ്ടാം രാഷ്ട്രവിഭജനത്തെ തടുക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ നമുക്ക് വേണം. ഏതെങ്കിലും മത വിഭാഗത്തിന് വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നമ്മള്‍ ഇന്ത്യക്കാര്‍ നടത്തുന്ന സമരമാണിത്. ഇതില്‍ വിജയിച്ചേ മതിയാകൂ. നാം വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ. നമ്മുടെ രാഷ്ട്രത്തിന്റെ അതിജീവനത്തിനായി നമുക്കൊരുമിക്കാം.