Connect with us

Kerala

വൃശ്ചികപ്പുലരിയായി; തണുപ്പെവിടെ?

Published

|

Last Updated

കോഴിക്കോട് | വൃശ്ചിക മാസം പിറന്ന് ദിവസങ്ങളായിട്ടും സംസ്ഥാനത്ത് സാധാരണ ഗതിയിലുണ്ടാകാറുള്ള തണുപ്പ് എത്തിയില്ല. മരം കോച്ചുന്ന തണുപ്പൊന്നും ഇത്തവണ വരില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ തണുപ്പ് കാലം ശക്തമായിരുന്നുവെങ്കിലും ഇത്തവണ 0.5 ഡിഗ്രി മുതൽ ഒരു ശതമാനം വരെ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തവണ തുലാവർഷ മഴ വൃശ്ചിക മാസത്തിലേക്ക് കൂടി പടർന്നു കയറിയതാണ് കാലാവസ്ഥയെ തകിടം മറിച്ചത്. കേരളത്തിൽ തണുപ്പ് കൂടുതൽ അനുഭവപ്പെടാറുള്ള വയനാട് അടക്കമുള്ള പ്രദേശങ്ങളിലും ഇത്തവണ വലിയ തണുപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, അടുത്ത ആഴ്ചയോടെ തണുപ്പ് ശക്തമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷകരുടെ കണക്കനുസരിച്ച് ഒക്‌ടോബർ മുതൽ ഡിസംബർ കൂടിയ മാസങ്ങളാണ് ദക്ഷിണേന്ത്യയിൽ തുലാവർഷ കാലയളവെങ്കിലും കേരളത്തിൽ വൃശ്ചികമാസപ്പിറവിയോടെ തണുപ്പ് ശക്തമാകാറുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മൺസൂൺ കുറച്ച് വൈകിയാണ് സംസ്ഥാനത്തെത്തിയത്. സമുദ്രം ചൂടാകുന്ന എൽനിനോ എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എൽനിനോ നിലവിൽ അത്ര ശക്തമല്ലെങ്കിലും സമീപ മാസങ്ങളിൽ കരുത്താർജിക്കാനിടയുണ്ട്. എൽനിനോയുടെ പങ്കും തണുപ്പ് കുറക്കുന്നതിന് കാരണമായി പറയുന്നുണ്ട്. എൽനിനോ പ്രതിഭാസം മാർച്ച് മാസത്തോടെ ശക്തമായാൽ കഴിഞ്ഞ വർഷത്തേത് പോലെ ചൂടിന്റെ തോത് വർധിക്കും.
കൂടാതെ സമുദ്രത്തിൽ അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടക്ക് നോർത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരുപതോളം ചൂഴലിക്കാറ്റുകൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് പഠനം. കൂടാതെ, അറബിക്കടലിൽ അസാധാരണമാംവിധം അടിക്കടി ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നുണ്ട്.

എന്നാൽ തണുപ്പിന്റെ അളവിൽ ഇത്തവണ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം നിരീക്ഷിച്ച രീതിയിലുള്ള അളവിന്റെ വ്യതിയാനം കേരളത്തിലെ കാർഷിക മേഖലയെ വലിയ രീതിയിൽ ബാധിക്കാനിടയില്ലെന്ന് അഗ്രികൾച്ചർ മെട്രോളജി വിഭാഗം അസി. പ്രൊഫ. ഡോ. ബി അജിത്കുമാർ പറഞ്ഞു.

Latest