ബാബ്‌രി മസ്ജിദ് കേസ്: വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരിശോധനാ ഹരജിക്ക്

Posted on: November 17, 2019 3:46 pm | Last updated: November 17, 2019 at 7:07 pm

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ മുസ്‌ലിംവ്യക്തിനിയമ ബോര്‍ഡ് പുനപ്പരിശോധനാ ഹരജി നല്‍കും. മസ്ജിദ് നിര്‍മിക്കുന്നതിനായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ഇന്ന് നടന്ന യോഗമാണ് നിര്‍ണായകവും സുപ്രധാനവുമായ തീരുമാനം കൈക്കൊണ്ടത്.

കേസില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നതുള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നായിരുന്ന യോഗത്തിന്റെ പൊതു വികാരം. ഇതോടെ ബാബ്‌രി വിഷയത്തിലെ കോടതി നടപടികള്‍ ഇനിയും തുടരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കക്ഷിയല്ലെങ്കിലും മുസ്ലിം വിഭാഗത്തില്‍ പെട്ട എട്ട് കക്ഷികള്‍ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ മുഹമ്മദ് ഹാഷിം അന്‍സാരി, മുസ്ലീം വഖ്ഫ് ബോര്‍ഡ് എന്നിവര്‍ കേസില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.