സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി; ആശ്വാസ നെടുവീര്‍പ്പുകളുമായി വിഷ്ണു പ്രസാദ്

Posted on: November 15, 2019 10:50 pm | Last updated: November 15, 2019 at 10:50 pm

തൃശൂര്‍: ജീവിതം തിരികെ ലഭിച്ച ആശ്വാസത്തിലാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണു പ്രസാദ്. നഷ്ടപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുംവിഷ്ണുവിന് തിരിച്ചുകിട്ടി. ഞായറാഴ്ച കൊച്ചിയിലേക്ക് പോകുന്നതിനായി തൃശൂര്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലിരിക്കുമ്പോഴാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ജര്‍മന്‍ കപ്പലില്‍ ജോലി ലഭിച്ച വിഷ്ണു തന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാനായി കമ്പനിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പാസ്പോര്‍ട്ടും കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതിപത്രവുമടക്കം ബാഗിലുണ്ടായിരുന്നു.

റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഒടുവില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് രണ്ടു യുവാക്കള്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് മോഷണം പോയതായുള്ള പത്ര വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രമുഖര്‍ ഉള്‍പ്പടെ വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു.