‘ബിജെപിയുടെ കെണിയില്‍ വീഴില്ല’: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രജനീകാന്ത്

Posted on: November 8, 2019 3:00 pm | Last updated: November 9, 2019 at 8:54 am

ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ബിജെപിയുടെ കെണിയില്‍ വീഴില്ലെന്നും തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. തിരുവള്ളുവറിനെ കാവിവല്‍ക്കരിക്കുന്നത് ബിജെപി അജണ്ടയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമാണെന്ന് താന്‍ കരുതുന്നില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. തിരുവള്ളുവറിനെ കാവി വസ്ത്രം അണിയിച്ച ചിത്രം സംസ്ഥാന ബിജെപി ഘടകം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് രജനീകാന്തിന്റെ പ്രതികരണം. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു.
രജനീകാന്തിന്റെ തുറന്നുപറച്ചിലോടെ ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. അവസാനമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

ബിജെപി ദേശീയ സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴെല്ലാം ഈ അഭ്യൂഹം ശക്തിപ്പെട്ടു. ഏറ്റവുമൊടുവില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കൊണ്ട് രജനീകാന്ത് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതോടെ രജനീകാന്ത് ബിജെപിയിലേക്കെന്ന സംശയം ബലപ്പെട്ടിരുന്നു