അടിയന്തിര വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചാല്‍ യു എ ഇയില്‍ കനത്ത ശിക്ഷ

Posted on: November 3, 2019 7:59 pm | Last updated: November 3, 2019 at 7:59 pm

അബുദാബി: ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ്, പോലീസ് തുടങ്ങിയ അടിയന്തിര വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ ഇനി മുതല്‍ കനത്ത ശിക്ഷ നല്‍കാന്‍ അബുദാബി പോലീസിന്റെ തീരുമാനം. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് 2019 ജുലൈ മുതലുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ലെസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റും 3,000 ദിര്‍ഹം പിഴയും ഏര്‍പ്പെടുത്തുന്നതിനൊപ്പം 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുമെന്നുമാണ് 2019ലെ ജുലൈയില്‍ ട്രാഫിക് പരിഷ്‌കരണ നിയമത്തിലുള്ളത്.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് അപകടങ്ങളില്‍ നേരിട്ട് ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറക്കുന്നതിനും അടിയന്തിര വാഹനങ്ങള്‍ക്ക് കാലതാമസമില്ലാതെ ആവശ്യമുള്ള സ്ഥലത്തേക്ക് പോകാന്‍ അനുവദിക്കുന്നതിനുമാണ് ട്രാഫിക് നിയമം കര്‍ശനമാക്കിയത്.