ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു; പുരസ്‌കാരം പ്രപഞ്ചത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്ക്

Posted on: October 8, 2019 7:47 pm | Last updated: October 8, 2019 at 10:38 pm

സ്റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പീബിള്‍സ്, ജനീവ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ മൈക്കല്‍ മേയര്‍, ജനീവ സര്‍വകലാശാലയുടെയും കേംബ്രിഡ്ജ് സര്‍വകലാശാലയുടെയും ജ്യോതിശാസ്ത്രജ്ഞനായ ഡിഡിയര്‍ ക്യുലോസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

പ്രപഞ്ചത്തിന്റെ പരിണാമത്തെയും പ്രപഞ്ചത്തില്‍ ഭൂമിയുടെ സ്ഥാനത്തെയും കുറിച്ചുള്ള ഇവരുടെ കണ്ടെത്തലുകളാണ് പുരസ്‌കാരത്തിന് ആധാരമായത്. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിച്ചുവെന്നും നിലനില്‍പ്പിനെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിച്ചുവെന്നും റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പറഞ്ഞു.

മഹാവിസ്‌ഫോടനം മുതല്‍ ഇന്നുവരെയുള്ള പ്രപഞ്ചചരിത്രം കണ്ടെത്തുന്നതിന് സൈദ്ധാന്തിക ചട്ടക്കൂട് വികസിപ്പിച്ചതിന് ജെയിംസ് പീബിള്‍സിന് അവാര്‍ഡിന്റെ പകുതി നല്‍കും. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയതിന് ബാക്കി പകുതി മൈക്കല്‍ മേയറും ഡിഡിയര്‍ ക്യുലോസും പങ്കിടും.

9 ദശലക്ഷം ക്രോണര്‍ (918,000 യുഎസ് ഡോളര്‍) ആണ് അവാര്‍ഡ് തുക. ഇതിന് പുറമെ സ്വര്‍ണ്ണ മെഡലും ഡിപ്ലോമയും ലഭിക്കും. ഡിസംബര്‍ 10 ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.