ചിദംബരത്തെ അറസ്റ്റ് ചെയ്തത് കേന്ദ്രത്തിന്റെ പ്രതികാര നടപടി: കോണ്‍ഗ്രസ്

Posted on: August 22, 2019 12:33 pm | Last updated: August 22, 2019 at 1:40 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വ്യക്തിപരവും രാഷ്ട്രീയവുമായ വിരോധം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗപ്പെടുത്തുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു.

‘പ്രതികാര ബുദ്ധിയുടെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്‍ ധനകാര്യ മന്ത്രി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വ്യക്തിപരവും രാഷ്ട്രീയവുമായ നാണംകെട്ട പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല ഇത്.’- കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പട്ടാപ്പകല്‍ നടത്തുന്ന ജനാധിപത്യ ധ്വംസനും നിയമ ലംഘനത്തിനുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും സുര്‍ജേവാല പ്രതികരിച്ചു.

ബുധനാഴ്ച രാത്രിയാണ് ചിദംബരത്തെ സി ബി ഐ അറസ്റ്റു ചെയ്തത്. ദക്ഷിണ ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയുടെ മതില്‍ ചാടിക്കടന്നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി ബി ഐയുടെ നടപടി.