Sports
ആര്‍ച്ചറിനെ വിമര്‍ശിച്ച അക്തറിനെ ട്രോളി യുവി

മുംബൈ: ആഷസ് ടെസ്റ്റിനിടെ തന്റെ ബൗണ്‍സറില്‍ പരിക്കേറ്റു വീണ സ്റ്റീവ് സ്മിത്തിനോട് സുഖവിവരം തിരക്കാത്തതില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസം ശുഐബ് അക്തര്‍ വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ വിമര്‍ശനം. ആര്‍ച്ചറിനെ വിമര്‍ശിച്ച അക്തറിനെ ഒന്ന് ട്രോളിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ആള്‍ റൗണ്ടര്‍ യുവരാജ് സിംഗ്. അക്തറിന്റെ ട്വീറ്റിനു താഴെയാണ് യുവി പ്രതികരിച്ചിരിക്കുന്നത്. അക്തറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു ബൗണ്‍സറുടെ കളിയുടെ ഭാഗമാണ്.
പന്ത് തട്ടി ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയോ നിലത്തു വീഴുകയോ ചെയ്താല്‍ ബൗളര്‍ അയാളുടെ അടുത്തെത്തി വിവരം തിരക്കണം. സ്മിത്ത് പരിക്കേറ്റ് വേദന കൊണ്ടു ഗ്രൗണ്ടില്‍ കിടക്കുമ്പോള്‍ ആര്‍ച്ചര്‍ തിരിച്ചുനടന്നത് ശരിയായില്ല. ആര്‍ച്ചറുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യം ബാറ്റ്‌സ്മാന്‍ അടുത്ത് ഓടിയെത്തുമായിരുന്നു.
ഈ ട്വീറ്റിനാണ് യുവി രസകരമായ മറുപടി നല്‍കിയത്.
അതെ നിങ്ങള്‍ തീര്‍ച്ചയായും ചെയ്യും. എന്നാല്‍ നിങ്ങള്‍ ബാറ്റ്‌സ്മാനോട് പറയുക ഒന്നും സംഭവിച്ചില്ലല്ലോ, ഇനിയും ഇതുപോലെയുള്ളവ വരാനുണ്ട് – ഇങ്ങനെയാകും അക്തര്‍ പറയുക എന്നാണ് യുവി ട്വീറ്റ് ചെയ്തത്.