പ്രശാന്ത് ബ്രോക്ക് സ്‌നേഹമധുരമായി കോഴിക്കോടൻ ഹൽവ

Posted on: August 18, 2019 3:30 pm | Last updated: August 18, 2019 at 3:30 pm


കോഴിക്കോട്: കഴുത്തറ്റം മുങ്ങിയ മലബാറിന് ആശ്വാസവുമായി തിരുവന്തപുരത്ത് നിന്ന് മേയർ പ്രശാന്ത് ബ്രോ നിറയെ സാധനങ്ങളുമായി ലോറികൾ പറഞ്ഞുവിടുമ്പോൾ കാരശ്ശേരിക്കാർ ഒന്നാലോചിച്ചു. പകരം എന്ത് തിരിച്ച് നൽകും. എന്ത് നൽകിയാലും മതിയാകില്ല, എങ്കിലും കോഴിക്കോട്ടുകാരുടെ ഹൽവയെങ്കിലും കൊടുത്തയക്കണം. അങ്ങനെയാണ് ദുരിതാശ്വാസ മേഖലയിലേക്ക് ലോഡുമായെത്തിയ 75ാമത്തെ ലോറി കാരശ്ശേരിയിലെത്തി തിരിച്ചുപോകുമ്പോൾ അവർ കോഴിക്കോടിന്റെ സ്‌നേഹമധുരം കൊടുത്തയക്കാൻ തീരുമാനിച്ചത്.

പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി തിരുവനന്തപുരം മേയർ പ്രശാന്ത് കാണിച്ച സന്മനസ്സിനുള്ള കാരശ്ശേരിക്കാരുടെ സ്‌നേഹോപഹാരമായിരുന്നു അത്. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്ത് നിന്ന് മലബാറിന് ആശ്വാസമായി വീണ്ടും ലോറിയെത്തിയത്. നിറയെ സാധനങ്ങളുണ്ടായിരുന്നു. കാരശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രളയ മേഖകളിൽ നൽകാനായിരുന്നു ഈ ലോറിയിലെ വസ്തുക്കൾ. പ്രസിഡന്റ് വി കെ വിനോദിന്റെ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്ത് അധികൃതരും കൊടുത്തയച്ച വസ്തുക്കൾ സന്തോഷത്തോടെ സ്വീകരിച്ചു.
തങ്ങൾക്കായി ഇത് കൊടുത്തയച്ച മേയർക്ക് കാരശ്ശേരിയുടെ സ്‌നേഹോപഹാരമായി കോഴിക്കോടൻ ഹൽവ നൽകി അവർ യാത്രയയക്കുകയും ചെയ്തു. കൂടാതെ ഈ ഉദ്യമത്തിന് കൂട്ട് വന്ന ശരത് രാജ്, അൻഷാദ്, ആഷിർ എന്നിവർക്കും സ്‌നേഹമധുരം നൽകി.

മേയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ലോഡ് കണക്കിന് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകുന്നത്. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കളക്‌ഷൻ പോയിന്റുകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം പാടെ മാറി. തിരുവനന്തപുരം കോർപറേഷൻ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ മേഖലകളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണം തുടങ്ങിയതോടെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ഉണ്ടായത്. കോർപറേഷൻ വളപ്പിലേക്ക് സാധനങ്ങളുമായി ആളുകൾ കൂട്ടമായെത്തി. നിരവധി ട്രോളുകളാണ് പ്രശാന്തിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.