Kerala
പുത്തുമലയില്‍ സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ചു നടത്തിയ തിരച്ചിലും വിഫലം

പുത്തുമല: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഏഴുപേര്‍ മണ്ണിനടിയില്‍ പെട്ട വയനാട് പുത്തുമലയില്‍ സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലും ഫലവത്തായില്ല. പരന്നുകിടക്കുന്ന ചെളിയില്‍ കാലുകള്‍ പൂണ്ട് നായ്ക്കള്‍ക്ക് മുന്നോട്ട് നീങ്ങാനാവാത്ത സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് ഇവയെ ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
മനുഷ്യശരീരം മണത്ത് കണ്ടെത്താന്‍ കഴിവുള്ള ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍ പെട്ട സ്‌നിഫര്‍ നായ്ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ഏജന്‍സി കൊണ്ടുവന്ന ഇവയെ ഉപയോഗിച്ചുള്ള തിരച്ചില്‍ അധികനേരം മുന്നോട്ടു കൊണ്ടുപോകാനായില്ല.
മൃതദേഹമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയാണ് തിരച്ചില്‍ നടത്തുന്നത്. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളിലെല്ലാം മണ്ണ് നീക്കി നോക്കിയിട്ടും ഒരാളെ പോലും കണ്ടെത്താനായിട്ടില്ല.