Ongoing News
പുത്തുമല ഉരുൾപൊട്ടൽ; മുഹ്‌യിദ്ദീന്‍ സഖാഫി രക്ഷപ്പെട്ടത് തലനാരിഴക്ക്

കൽപ്പറ്റ: പുത്തുമല ഉരുൾപൊട്ടലിൽ നിന്ന് പള്ളിയിലെ ഖത്വീബ് മുഹ്‌യിദ്ദീന്‍ സഖാഫി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗൂഡല്ലൂർ പാക്കണ സ്വദേശിയ സഖാഫി ദുരന്തം വിതച്ച സ്ഥലത്തു നിന്ന് മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
ജുമുഅത്ത് പള്ളിയും പരിസരവും ഉരുൾപൊട്ടൽ ഭീഷണിയാണെന്നറിഞ്ഞതോടെ തൊട്ടടുത്ത നിസ്‌കാര പള്ളിയിലേക്ക് മാറുകയായിരുന്നു. പിന്നീട് ളുഹ്ർ നിസ്‌കാരത്തിന് ശേഷം ചായ കുടിക്കാനായി പള്ളിക്ക് താഴെയുള്ള കാന്റീനിലേക്ക് പോയി അവിടെ നിന്ന് ചായ കുടിച്ച ശേഷം നിസ്‌കാര പള്ളിയിലേക്ക് തിരിക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ കല്ലുകളും മരങ്ങളും മലവെള്ളപ്പാച്ചിലിലൂടെ താൻ ജോലി ചെയ്തിരുന്ന പള്ളിയും കടന്ന് അമ്പലം, പോസ്‌റ്റോഫീസ് എന്നിവയെല്ലാം തകർത്ത് താഴോട്ടു ഒഴുകുന്നത് കാണുന്നത്. ഈ സമയം അവിടെ നിന്നിരുന്നവരോട് രക്ഷപ്പെടാൻ വിളിച്ചു പറഞ്ഞെങ്കിലും അതിനു മുമ്പെ അവിടെ ദുരന്ത ഭൂമിയായി മാറിയിരുന്നു. ഈ ഭാഗത്തേക്ക് വരികയായിരുന്ന കാറും ഇതിൽപ്പെട്ടത് കാണാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പച്ചക്കാട് എന്ന സ്ഥലത്ത് ഉരുൾപൊട്ടലിന് സമാനമായ ഇടിച്ചിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു എല്ലാം. സാധാരണ ഞാൻ സ്വദേശമായ പാക്കണയിലേക്ക് പോകാറുണ്ട്. എന്നാൽ വ്യാഴാഴ്ച പോകാൻ സാധിക്കാതെ ജുമുഅത്ത് പള്ളിയിലേക്ക് തിരിച്ചു വരികയായിരുന്നു.
സുഹൃത്തും സഹ അധ്യാപകനുമായ സുലൈമാൻ സഖാഫിയുടെ നിർദേശ പ്രകാരമാണ് നിസ്‌കാര പള്ളിയിലേക്ക് മാറിയത്.
ആ വാക്ക് ഗൗരവത്തിലെടുത്തതാണ് രക്ഷപ്പെടാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ആറ് വർഷമായി പുത്തുമല പള്ളിയിലെ ഖത്വീബായി ജോലി ചെയ്തു വരികയാണ് മുഹ്‌യിദ്ദീന്‍ സഖാഫി.