National
ജമ്മു കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി എടുത്തുകളഞ്ഞുമുള്ള ബില്ലും രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. 61ന് എതിരെ 125 വോട്ടുകള്‍ക്കാണ് വിഭജന ബില്‍ പാസായത്.
വിഭജന ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറ്റു ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ഇന്ന് രാവിലെ അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കി വൈകുന്നേരം വരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്.
പ്രതിപക്ഷ നിരയിലുണ്ടായ ഭിന്നതയാണ് ് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് തുണയായി. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീര്‍ വിഭജന ബില്ലും പാസാക്കിയത്. വിഭജനബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബട്ടണില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ലിപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷന്‍ നിര്‍ദേശിക്കുകയായിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ എടുത്തു മാറ്റാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി ബാധിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യസഭയെ ഇന്ന് പ്രക്ഷുബ്ധമാക്കിയിരുന്നു.