Ongoing News
പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം: സിറാജ് മാനേജ്മെന്റ്

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് സിറാജ് മാനേജ്‌മെന്റ്. സർക്കാർ നിർദേശത്തിനും തീരുമാനത്തിനും വിരുദ്ധമായി ഉദ്യോഗസ്ഥനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥ തലത്തിൽ ബോധപൂർവവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നുവെന്നും ഇത് ചെറുക്കണമെന്നുമാവശ്യപ്പെട്ടാണ് സിറാജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്.
ശ്രീറാം വെങ്കിട്ടരാമനെ നിയമം അനുശാസിക്കുന്ന തരത്തിൽ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നും കേസിൽ അട്ടിമറി നീക്കം തടഞ്ഞില്ലെങ്കിൽ മാനേജ്‌മെന്റും ജീവനക്കാരും സിറാജ് പത്രം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും പ്രക്ഷോഭമാരംഭിക്കമെന്നും സിറാജ് യൂനിറ്റ് ചെയർമാൻ സൈഫുദ്ദീൻ ഹാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപം രാത്രിയിൽ സംഭവം നടന്ന സാഹചര്യത്തിൽ സ്വമേധയാ കേസെടുക്കാമെന്നിരിക്കെ രാവിലെ ഏഴിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതത്. എഫ് ഐ ആറിൽ കാർ ഓടിച്ചിരുന്നവരെക്കുറിച്ച് അറിയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പ്രതിയുടെ രക്ത സാമ്പിളെടുത്തത്. ഇതിനുള്ളിൽ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറക്കാൻ കഴിയുന്ന മരുന്നുകൾ കഴിച്ചിട്ടുണ്ടാകാം. അപകടസമയത്ത് ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജനറൽ ആശുപത്രിയിലേക്കും പോയ ശ്രീറാം വെങ്കിട്ടരാമനാണ് ഇന്നലെ നട്ടെല്ലിന് പ്രശ്‌നമുണ്ടെന്ന വാദമുയർത്തിയത്. ഇത് വിശ്വാസ യോഗ്യമല്ല. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യം സംബന്ധിച്ച് മെഡിക്കൽ സംഘം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണം. തുടർ ചികിത്സ ആവശ്യമാണെങ്കിൽ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്ക് മാറ്റേണ്ടതാണ്. ശക്തമായ തെളിവുകൾ പോലീസിന് ബോധ്യപ്പെട്ടിട്ടും നിസ്സംഗതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടതോടെ നടപടികൾക്ക് വേഗത വന്നെങ്കിലും വിവിധ ഇടപെടലുകൾ കാരണം സ്ഥിതിഗതികൾ പെട്ടന്ന് മാറുകയാണ്. വാഹനാപകടത്തിലെ ഇര മണ്ണിനടയിലായിട്ടും പ്രതി എല്ലാവിധ സുഖസജ്ജീകരണങ്ങളോടെയും സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു.
സാധാരണക്കാരനല്ല, നിയമബോധമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കുറ്റം ചെയ്തത് എന്നതിനാലാണ് നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറാജ് റിപ്പോർട്ടർ എസ് ശ്രീജിത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.