Connect with us

Kerala

മുത്തലാഖ് ബില്‍:അനുവദിച്ച സമയത്ത് സഭയിലില്ല; പി വി അബ്ദുള്‍ വഹാബിന് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭ പാസാക്കിയിരിക്കെ പ്രതിപക്ഷ ഐക്യത്തിലെ വിള്ളലാണ് ബില്‍ പാസാകാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്.

ചര്‍ച്ചയില്‍ ബില്ലിനെതിരെ സിപിഎം അംഗം എളമരം കരീം അടക്കമുള്ളവര്‍ ശക്തമായ നിലപാടെടുത്തു. നിരവധി ഭേദഗതികളാണ് അദ്ദേഹം സഭക്ക് മുമ്പാകെ വെച്ചത്. അതേ സമയം മുസ്്‌ലിം ലീഗിന്റെ ഏക രാജ്യസഭാംഗമായ പിവി അബ്ദുള്‍ വഹാബിന് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല. അനുവദിച്ച സമയത്ത് അദ്ദേഹം സഭയിലില്ലാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനാകാതെ പോയത്. സഭയിലില്ലാത്തതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. എന്നാല്‍ വോട്ടെടുപ്പില്‍ അബ്ദുള്‍ വഹാബ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേ സമയം മുസ്ലിം ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടിയുടെ അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് സഭയില്‍ ബില്ലിനെതിരായ നിലപാട് സഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല.

Latest