കേന്ദ്രം ലക്ഷ്യമിടുന്നവരെ വേട്ടയാടാന്‍ ചില നിയമങ്ങളുടെ സഹായം: മഹുവ മോയിത്ര

Posted on: July 24, 2019 5:12 pm | Last updated: July 24, 2019 at 9:14 pm

ന്യൂഡല്‍ഹി: എന്‍ ഐ എക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ യു എ പി എ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് എം പി മഹുവ മോയിത്ര. ബില്ലില്‍ എന്‍ ഐ എക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 25ഉം സെക്ഷന്‍ 35ഉം ഭരണഘടനാ വിരുദ്ധമാണെന്ന് ഇവര്‍ പറഞ്ഞു.

കേന്ദ്രം ലക്ഷ്യമിടുന്നവര്‍ക്ക് രാജ്യദ്രോഹ പട്ടം ചാര്‍ത്തി നല്‍കാന്‍ ചില സംവിധാനങ്ങളും നിയമങ്ങളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാറിന്റെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ക്കെല്ലാം ദേശവിരുദ്ധ പട്ടം അടിച്ചേല്‍പ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍, പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍ തുടങ്ങി കേന്ദ്രത്തിന്റെ വിമര്‍ശിക്കുന്നവരെല്ലാം ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു. രാജ്യത്ത് പ്രതിപക്ഷം പോലും പ്രവര്‍ത്തിക്കുന്നത് ദേശവിരുദ്ധരായി മുദ്രകുത്തുമോയെന്ന ഭയത്താലാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിക്കുന്നവരെ എന്തിനാണ് ദേശദ്രോഹികള്‍ എന്ന് വിളിക്കുന്നതെന്നും മഹുവ മോയിത്ര ലോക്‌സഭയില്‍ ചോദിച്ചു.

മഹുവയുടെ പ്രസംഗത്തിനിടെ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് ബി ജെ പി അംഗങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പല വിഷയങ്ങളിലും വ്യക്തതയില്ലാതെ സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കരുതെന്ന് ബി ജെ പി അംഗം എസ് എസ് അലുവാലിയ പറഞ്ഞ. സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷി ലേഖിയും ഇതിനോട് ചോദിച്ചു. എന്നാല്‍ തന്റെ വാദങ്ങള്‍ക്ക് മാറ്റമില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരം എടുത്ത്കളയുന്ന ഭരണഘടാന വിരുദ്ധമായ ഈ ബില്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.