ഷീല ദീക്ഷിതിന്റെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത്; പൊതു ദര്‍ശനത്തിനു ശേഷം 2.30ഓടെ സംസ്‌കരിക്കും

Posted on: July 21, 2019 1:30 pm | Last updated: July 21, 2019 at 7:46 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മൃതദേഹം സ്വവസതിയില്‍ നിന്ന് ഇന്ന് ഉച്ചയോടെ 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു കൊണ്ടുവന്നു. യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ കോണ്‍ഗ്രസിന്റെ ഡല്‍ഹി അധ്യക്ഷ കൂടിയായ ദീക്ഷിതിന് അന്തിമാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

ഉച്ചക്ക് 1.30 വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിനു വെക്കുന്ന മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി നിഗം ബോധ്ഘട്ടിലേക്കു കൊണ്ടു പോകും. 2.30ന് ഇവിടുത്തെ ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

മൂന്നു തവണ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ വേര്‍പാടില്‍ സര്‍ക്കാര്‍ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതായി ഉപ മുഖ്യമന്ത്രി സി എം മനീഷ് സിസോദിയ ട്വിറ്ററില്‍ അറിയിച്ചു. നേരത്തെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദീക്ഷിതിന്റെ വസതിയിലെത്തിയിരുന്നു.