Connect with us

Gulf

സ്മാര്‍ട് ഡ്രൈവിംഗ് ടെസ്റ്റ്; സ്മാര്‍ട് ട്രാക്ക് സംവിധാനത്തിന് ദുബൈയില്‍ തുടക്കം

Published

|

Last Updated

ദുബൈ: ഡ്രൈവിങ് ടെസ്റ്റുകള്‍ സ്മാര്‍ട് ആകും. പുതിയ സ്മാര്‍ട് ട്രാക്ക് സംവിധാനത്തിന് ദുബൈയില്‍ തുടക്കമായി. ആര്‍ ടി എ ലൈസന്‍സിങ് ഏജന്‍സി സി ഇ ഒ അബ് ദുല്ല അല്‍ അലി, ഡ്രൈവേഴ്‌സ് ലൈസന്‍സിങ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ കറഫ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദുബൈ ലോകത്തെ ഏറ്റവും സ്മാര്‍ടായ നഗരത്തിലേക്കുള്ള ചുവടുവെപ്പാണ് ഫോര്‍ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട് ട്രാക്ക് സംവിധാനം. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനമെന്ന് അബ്ദുല്ല അല്‍ അലി പറഞ്ഞു.

വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താന്‍ ഇനിമുതല്‍ ആര്‍ടിഎ ഉദ്യോഗസ്ഥന്‍ വേണ്ട എന്നതാണ് സ്മാര്‍ട് ട്രാക്കിന്റെ സവിശേഷത. വാഹനത്തില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ മികവുകളും കുറവുകളും കണ്ടെത്തി വിജയ പരാജയങ്ങള്‍ നിശ്ചയിക്കും. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. 15 യാര്‍ഡുകളില്‍ ഈ സംവിധാനം നിലവില്‍ വന്നു.

ലൈസന്‍സ് ലഭിക്കുന്നതിനുള്ള മൂന്നു ടെസ്റ്റുകളില്‍ രണ്ടാമത്തേതാണ് യാര്‍ഡ് ടെസ്റ്റ്. സിഗ്‌നലിനെക്കുറിച്ചും മറ്റുമുള്ള പ്രായോഗിക പരിജ്ഞാനം വിലയിരുത്താനുമുള്ളതാണ് ആദ്യത്തേത്. പാര്‍ക്കിങ്ങിലെയടക്കം മികവു പരിശോധിക്കാനുള്ളതാണ് യാര്‍ഡ് ടെസ്റ്റ്. റോഡിന് സമാന്തരമായുള്ള വാഹന പാര്‍ക്കിങ്, 60 ഡിഗ്രി ചരിഞ്ഞുള്ള സൈഡ് പാര്‍ക്കിങ്, ഗാരിജ് പാര്‍ക്കിങ്, കയറ്റത്തില്‍ വാഹനം നിര്‍ത്തിയശേഷം ഓടിപ്പിക്കല്‍, പെട്ടെന്നുള്ള ബ്രേക്കിങ് എന്നീ അഞ്ച് കാര്യങ്ങളാണ് യാര്‍ഡ് ടെസ്റ്റില്‍ പരിശോധിക്കുക. ഏറ്റവും ഒടുവിലത്തേതാണ് റോഡ് ടെസ്റ്റ്. ഇതും പാസായാലേ ലൈസന്‍സ് ലഭിക്കൂ.

പരിശീലനം നേടുന്നയാളുടെ മികവുകള്‍ വിലയിരുത്താന്‍ വാഹനത്തിനുള്ളില്‍ ഒരു ക്യാമറയും മൊത്തം 20 സെന്‍സറുകളുമുണ്ടാകും. വാഹനത്തിന് പുറത്ത് നാലു ക്യാമറകളും യാര്‍ഡില്‍ അഞ്ചു ക്യാമറകളും ഉണ്ടാകും. വാഹനമോടിക്കുന്നയാളുടെ ഓരോ ചലനവും സൂക്ഷ്മമായി വിലയിരുത്തും. സേഫ്റ്റി ബെല്‍റ്റ് ഇട്ടിട്ടുണ്ടോ, എത്ര തവണ ബ്രേക്ക് ഉപയോഗിച്ചു, സൈഡ് മിററുകളില്‍ നോക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി ഫലം രേഖപ്പെടുത്തും. ടെസ്റ്റിങ് യാര്‍ഡിലെ കണ്‍ട്രോള്‍ ടവറിലെ സ്‌ക്രീനില്‍ ആര്‍ ടി എ ഉദ്യോഗസ്ഥന് എല്ലാം കാണാനാകും.

Latest