അക്രമത്തിനിടെ പരുക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ജയിലിലേക്കയച്ച് കോടതി

Posted on: July 15, 2019 8:40 pm | Last updated: July 16, 2019 at 11:33 am

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസില്‍ പ്രതികളായ ശിവഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയാല്‍ നഗരമധ്യത്തിലെ കലാലയത്തില്‍ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പോലീസ് വാദിച്ചു. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരുക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഇന്ന് പുലര്‍ച്ചെ പിടിയിലായ മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മൊഴി മാറ്റി. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ സംഘര്‍ഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് പറഞ്ഞു. ആയുധം എവിടെ ഒളിപ്പിച്ചതെവിടെയെന്ന ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. എസ്എഫ്‌ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നു മുതല്‍ അഞ്ചുവരയെുള്ള പ്രതികള്‍ ശരത്തിനെ തടഞ്ഞു നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ ആറ് വിദ്യാര്‍ഥികളേയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.