Connect with us

Ongoing News

റെക്കോഡുകളുടെ തോഴന്‍ ബാറ്റ് വീശുകയാണ്; പുതിയ റെക്കോഡുകള്‍ സ്വായത്തമാക്കാന്‍.....

Published

|

Last Updated

ലണ്ടന്‍: ഇന്ത്യന്‍ ഉപ നായകന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മക്കു മുമ്പില്‍ ക്രിക്കറ്റിലെ ലോക റെക്കോഡുകള്‍ കടപുഴകി വീഴുകയാണ്. ഒരു നേരമ്പോക്കു പോലെയാണ് താരം റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്ക് യാത്ര ചെയ്യുന്നത്.  ശ്രീലങ്കക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ 103 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച രോഹിത് ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സെഞ്ച്വറി (അഞ്ച്) നേടുന്ന താരമായി.

ചൊവ്വാഴ്ച ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് റെക്കോഡുകള്‍ കൂടി തിരുത്തിയെഴുതാനുള്ള അവസരവും രോഹിതിനെ കാത്തിരിക്കുന്നുണ്ട്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (673) നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടക്കാന്‍ 27 റണ്‍സ് മാത്രം അകലെയാണ് ഈ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. ഈ ലോകകപ്പില്‍ ഇതേവരെ എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 647 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 2003ല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പിലാണ് സച്ചിന്‍ 673 സ്‌കോര്‍ ചെയ്തത്. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ 659 റണ്‍സെടുത്ത ആസ്‌ത്രേലിയയുടെ മാത്യു ഹെയ്ഡനാണ് രണ്ടാമത്.

ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 53 റണ്‍സ് കൂടി എടുക്കാനായാല്‍ ഒരു ലോകകപ്പ് എഡിഷനില്‍ 700 റണ്‍സ് അടിച്ചെടുക്കുന്ന ആദ്യ താരമായും രോഹിത് മാറും. ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ തന്നെ മറ്റൊരു റെക്കോഡും തകര്‍ക്കാന്‍ രോഹിതിനു മുന്നില്‍ അവസരമുണ്ട്. ഒരു ശതകം കൂടി നേടിയാല്‍ ആറു ലോകകപ്പുകളില്‍ നിന്നായി സച്ചിന്‍ നേടിയ ആറു ശതകങ്ങളെന്ന റെക്കോഡാണ് വഴിമാറുക. നിലവില്‍ ഇരുവരും റെക്കോഡ് പങ്കിടുകയാണ്.