മഹാരാഷ്ട്രയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 22 പേരെ കാണാതായി;15വീടുകള്‍ ഒഴുകിപ്പോയി

Posted on: July 3, 2019 9:30 am | Last updated: July 3, 2019 at 1:59 pm

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 22പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അണക്കെട്ട് തകര്‍ന്നത്. കൂടുതല്‍ പേര്‍ കുത്തൊഴുക്കില്‍പ്പെട്ടതായി ആശങ്കയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ അണക്കെട്ടിന് വിള്ളല്‍ ദൃശ്യമായിരുന്നു. എന്നാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.അണക്കെട്ട് തകര്‍ന്ന് ജനവാസ മേഖലയിലേക്ക് വെള്ളം
ഇരച്ചുകയറുകയായിരുന്നു.

അതേയസമയം മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റണ്‍വെയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു.