കാക്കയെ അറിയാന്‍ കുറുപ്പത്താലിലേക്ക് വരൂ

Posted on: June 24, 2019 5:31 pm | Last updated: June 24, 2019 at 5:31 pm
കുറുപ്പത്താൽ തങ്കയത്തിൻമുകളിലെ മരച്ചില്ലകളിൽ ചേക്കേറാൻ കാക്കകൾ കൂട്ടമായെത്തുന്നു

കൊളത്തൂർ: കുറുപ്പത്താലിലെ തങ്കയത്തിൻമുകൾ പ്രദേശവും പരിസരവും ഉറങ്ങുന്നതും ഉണരുന്നതും കാക്കകളുടെ കരച്ചിൽ കേട്ടാണ്. ആയിരമോ പതിനായിരമോ കാക്കയുടേതല്ല, ലക്ഷത്തിലേറെ കാക്കകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കാക്ക മതി ഒരാളെ അസ്വസ്ഥനാക്കാൻ എന്നിരിക്കെ ആയിരക്കണക്കിന് കാക്കകളുടെ കലമ്പൽ ഉണ്ടാക്കുന്ന പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ.

ലക്ഷത്തിലേറെ കാക്കകൾ ചേക്കേറുന്ന സ്ഥലമാണ് കൊളത്തൂർ കുറുപ്പത്താലിലെ തങ്കയത്തിൻമുകൾ പ്രദേശം. ശീലമായതുകൊണ്ടു മാത്രം നാട്ടുകാർക്ക് ഇന്ന് ഇതൊരു പ്രശ്‌നമല്ല. കാക്കയുടെ സാന്നിധ്യംകൊണ്ട് കാക്കപ്പറമ്പായിരിക്കുകയാണ് തങ്കയത്തിൻമുകളും പരിസരവും. മരച്ചില്ലകളിലും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിലാണ് കാക്കകൾ ചേക്കേറുന്നത്. സന്ധ്യയാകുന്നതോടെ പ്രദേശത്തെ തെങ്ങുകളും മരങ്ങളും കാക്കകളാൽ നിറയും.

വൈകുന്നേരത്തോടെ കലപില ശബ്ദവുമായി നാല് ദിക്കിൽ നിന്നും കൂട്ടത്തോടെ കാക്കകളെത്തും. തുടർന്ന് തെങ്ങോലകളിലും മരച്ചില്ലകളിലും മാറിമാറി ചേക്കേറി ബഹളംവെക്കും. അങ്ങനെ പ്രദേശമാകെ കാക്കക്കരച്ചിൽകൊണ്ട് നിറയും. വൈകുന്നേരത്തോടെ തെങ്ങിൻ തലപ്പിൽ ചേക്കേറുന്ന ഇവയുടെ ശബ്ദം മാത്രമല്ല കാഷ്ടവും നാട്ടുകാർക്ക് ബുദ്ധിമുട്ടാണ്. കൂട്ടത്തോടെ ശബ്ദമുണ്ടാക്കി പറന്നുപൊന്തുന്ന കാക്കകൾ അതേവേഗത്തിൽ അവിടെത്തന്നെ ചേക്കേറും. പകൽ സമയത്ത് ‘തദ്ദേശീയരായ’ കാക്കകൾ മാത്രമേ ഇവിടെ ഉണ്ടാകൂ. മറ്റുള്ളവയെല്ലാം പല ദിക്കിലേക്ക് പോകും. സന്ധ്യയോടെ തിരിച്ചെത്തും. ഒരു തെങ്ങോലയിൽ അഞ്ചിലേറെ കാക്കകൾ കാണും.

തങ്കയത്തിൻമുകളിലും ചോത്തോലിപ്പറമ്പിലുമായി ലക്ഷത്തിലേറെ കാക്കകൾ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഇവിടെ കാക്കകളുടെ സഹവാസത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് പ്രദേശത്തെ മുതിർന്നവർ പറയുന്നത്. ചേക്കേറാൻ ഈ പ്രദേശത്തേക്ക് കാക്കകളെ കൂടുതൽ ആകർഷിക്കുന്നത് എന്താണെന്ന് പഠന വിധേയമാക്കണമെന്ന ആവശ്യക്കാരും ഇവിടെയുണ്ട്.
കാക്കക്കൂട്ടത്തിനിടയിൽ കൊക്കുകളും ചേക്കേറാനായി എത്തുന്നുണ്ട്.

ശീലമായെങ്കിലും കാക്കവാസം നാട്ടുകാർക്ക് വിനയാണ്. വിദൂര സ്ഥലങ്ങളിലേക്ക് ഇവിടെനിന്നു കാക്കൾ ഇരതേടി പോകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലക്ക് പുറത്തും പോയി തിരിച്ചെത്തുന്നവയും ഉണ്ടെന്ന് കരുതപ്പെടുന്നു.
കാക്കവാസത്തിന് നേർസാക്ഷിയാകാൻ ഒരു വൈകുന്നേരം ഇവിടെ എത്തിയാൽമതി. കാക്ക സ്‌നേഹികൾക്കും കാക്കയെക്കുറിച്ച് കൂടുതൽ പഠിക്കുന്നവർക്കും കൗതുകമാണ് ഈ കാഴ്ച.