ഇറാന്‍-യു എസ് സംഘര്‍ഷം; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇറാനിയന്‍ വ്യോമപാത ഒഴിവാക്കും

Posted on: June 22, 2019 8:48 pm | Last updated: June 23, 2019 at 12:27 am

ന്യൂഡല്‍ഹി: ഇറാനും യു എസും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി പറക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. വിമാനങ്ങളുടെ റൂട്ട് പുനക്രമീകരിക്കും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണിത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായുള്ള (ഡി ജി സി എ) ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, കാന്‍ഡാസ് തുടങ്ങിയ ലോകത്തെ പ്രധാനപ്പെട്ട എയര്‍ലൈന്‍സുകളെല്ലാം നേരത്തെത്തന്നെ തങ്ങളുടെ റൂട്ടുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്.

ഇറാനിയന്‍ വ്യോമ പാതയില്‍ വച്ച് ഇറാന്റെതെന്ന് തെറ്റിദ്ധരിച്ച് മറ്റു വിമാനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വ്യോമ വിഭാഗമായ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.വ്യാഴാഴ്ച തങ്ങളുടെ വ്യോമ പാതയില്‍ പ്രത്യക്ഷപ്പെട്ട യു എസ് യുദ്ധ വിമാനം ഇറാന്‍ വെടിവച്ചിട്ടിരുന്നു. വ്യോമപാത ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നാണ് ഇറാന്റെ ന്യായീകരണം. എന്നാല്‍, ഇറാന്റെ മിസൈലാക്രമണം യാതൊരു പ്രകോപനവും കൂടാതെയാണെന്ന് യു എസ് ആരോപിക്കുന്നു.