രണ്ട് പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്ക് അംഗീകാരം

Posted on: June 18, 2019 1:47 pm | Last updated: June 18, 2019 at 1:47 pm


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ റീ പ്രൊഡക്ടീവ് മെഡിസിൻ (വന്ധ്യതാ ചികിത്സ) വിഭാഗത്തിൽ രണ്ട് പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം. ഇന്ത്യയിൽ തന്നെ മൂന്നാമതായും സർക്കാർ മേഖലയിൽ ആദ്യവുമായാണ് എസ് എ ടി ആശുപത്രിയിലെ റീ പ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റിന് അനുമതി ലഭിക്കുന്നത്. ഇതോടെ കൂടുതൽ പഠനങ്ങൾ നടക്കാനും വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും കഴിയുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ഇന്ത്യയിൽ സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള ആദ്യത്തെ ഐ വി എഫ് സംരംഭമാണ് എസ് എ ടി ആശുപത്രിയിലെ റീ പ്രൊഡക്ടീവ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്. കോർപറേറ്റ് ആശുപത്രികളെപ്പോലെ മികച്ച സംവിധാനങ്ങളാണ് റീ പ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്നത്. 2012ലാണ് ഈ കേന്ദ്രം ഇവിടെ തുടങ്ങിയത്. റീ പ്രൊഡക്ടീവ് മെഡിസിൻ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ ഉൾപ്പെടെയുള്ള തസ്തികകൾ സൃഷ്ടിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100ലധികം പേർക്കാണ് എസ് എ ടിയിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ വി എഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞത്. സ്വകാര്യ മേഖലയിൽ വളരെയധികം ചെലവുള്ള ഐ വി എഫ് ചികിത്സ സാധാരണക്കാർക്ക് കൂടി എസ് എ ടി ആശുപത്രിയിലൂടെ ലഭ്യമാക്കിക്കൊടുത്തു എന്നതാണ് പ്രത്യേകത.

അടുത്തിടെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ രണ്ട് സീറ്റും നിയോനാറ്റോളജി (നവജാത ശിശു വിഭാഗം) വിഭാഗത്തിൽ നാല് സീറ്റുകൾക്കും അനുമതി ലഭിച്ചിരുന്നു. ഇപ്പോൾ രണ്ട് സീറ്റുകൾ കൂടി ലഭിച്ചതോടെ ആകെ 281 പി ജി സീറ്റുകളാണ് മെഡിക്കൽ കോളജിനുള്ളത്. പി ജി സീറ്റുകൾ നേടിയെടുക്കാൻ സർക്കാറിനൊപ്പം നിന്ന് പ്രയത്‌നിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, റീ പ്രൊ ഡക്ടീവ് മെഡിസിൻ മേധാവി ഡോ. ഷീല ബാലകൃഷ്ണൻ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.