Connect with us

Kerala

വ്യാജ പ്രചാരണം ഏറ്റുപിടിച്ചു; അപഹാസ്യരായി ബല്‍റാമും ബറ്റാലിയനും

Published

|

Last Updated

കോഴിക്കോട്: മുന്‍ എം പിയും സി പി എം നേതാവുമായ അഡ്വ. എ സമ്പത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കള്ളം ഏറ്റുപിടിച്ച് പരിഹാസ്യരായി യു ഡി എഫിലെ യുവ നേതാക്കള്‍. സമ്പത്ത് തന്റെ വാഹനത്തില്‍ “എക്‌സ് എം പി” എന്ന ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്നതായുള്ള വ്യാജ പ്രചരണമാണ് എം എല്‍ എമാരായ വി ടി ബല്‍റാമും, ഷാഫി പറമ്പിലും, യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസും നിരത്തുവാദപരമായി പ്രചരിപ്പിച്ചത്.

സമ്പത്ത് ഉപയോഗിച്ചിരുന്ന ഇന്നോവ കാറിന്റെ ഫോട്ടോയെടുത്താണ് ഫോട്ടോഷോപ്പ് നടത്തിയത്. നേരത്തെ കാറിന്റെ മുമ്പിലുണ്ടായ എം പി എന്ന ബോര്‍ഡ് എഡിറ്റ് ചെയ്ത് എക്‌സ് എം പിയെന്നാക്കുകയായിരുന്നു. എം പിയായിരുന്നപ്പോള്‍ ഉപയോഗിച്ച കാര്‍ തന്നെയാണ് സമ്പത്ത് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും കാറിന് മുമ്പിലെ ബോര്‍ഡ് അദ്ദേഹം നേരത്തെ എടുത്ത് മാറ്റിയിരുന്നു.
എന്നാല്‍ സി പി എമ്മിനെ അടിക്കാന്‍ ഏതോ കേന്ദ്രത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട വ്യാജ പ്രചാരണം യു ഡി എഫ് നേതാക്കള്‍ ഏറ്റെടുത്തപ്പോള്‍ ഇത് ഷെയര്‍ ചെയ്ത് അണികളും ആവേശംകൊണ്ടു.

കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് പറഞ്ഞാണ് ബല്‍റാം പോസ്റ്റിട്ടത്. “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം പാര്‍ലിമെന്ററി വ്യാമോഹ”ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല എം പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.” എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സമ്പത്തും അദ്ദേഹത്തിന്റെ ഡ്രൈവറും ഇത് വ്യാജമാണെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. തെറ്റ് ബോധ്യമായ ബല്‍റാം ചുളിവില്‍ പോസ്റ്റ് മുക്കി രക്ഷപ്പെടുകയായിരുന്നു. ബല്‍റാമിന്റെ പോസ്റ്റ് വന്‍ തോതില്‍ സംഘ്പരിവാര്‍, കോണ്‍ഗ്രസ്, ലീഗ് അണികള്‍ ഷെയര്‍ ചെയ്ത ശേഷമാണ് അദ്ദേഹം പിന്‍വലിച്ചത്.
ബല്‍റാം തിരുത്തിയെങ്കിലും പി കെ ഫിറോസ് അടക്കമുള്ള മറ്റ് നേതാക്കളുടെ പേജില്‍ ഇപ്പോഴും വ്യാജ പ്രചാരണം ഓടിക്കൊണ്ടിരിക്കുകയാണ്.

ബല്‍റാം അടക്കമുള്ള നേതാക്കളുടെ സോഷ്യല്‍ മീഡയയിലെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി കഴിഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എയായ ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

“സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.അത് കണ്ടപ്പോഴേ സാമാന്യതക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു. ഞാനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്. അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും. നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം. അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ശരിയാണോയെന്ന് പരിശോധിക്കണമെന്നും” ശബരീനാഥന്‍ പറഞ്ഞു.

ബല്‍റാമിനെതിരെ ഇടത് സ്വതന്ത്ര എം എല്‍ എ പി വി അന്‍വറും രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫ് യുവ നേതാക്കന്‍മാരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സി പി എം അനുഭാവികള്‍ വിമര്‍ശനം ചൊരിയുകയാണ്. സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വ്യാജ പോസ്റ്റ് പ്രചരിച്ചതെന്നാണ് സി പി എം അനുഭാവികള്‍ പറയുന്നു. ഇത്തരം സംഘ്പരിവാര്‍ നീക്കങ്ങള്‍ പലപ്പോഴും ബല്‍റാം വഴി പ്രചരിക്കപ്പെട്ടതായും ഇവര്‍ കുറ്റപ്പെടുത്തുന്നു.

Latest