ഈ വര്‍ഷം അവസാനം വരെ അമിത് ഷാ ബി ജെ പി അധ്യക്ഷനായി തുടര്‍ന്നേക്കും

Posted on: June 12, 2019 11:36 am | Last updated: June 12, 2019 at 12:19 pm

ന്യൂഡല്‍ഹി: ബി ജെ പി ഭാരവാഹി തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും. ഇക്കാര്യത്തില്‍ നാളെ അന്തിമതീരുമാനമുണ്ടാകും. ഭാരവാഹി തിരഞ്ഞെടുപ്പിന്റെ സമയക്രമം ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നാളെ ദില്ലിയില്‍ യോഗം ചേരും.

അമിത് ഷായുടെ തിരക്കുകള്‍ കണക്കിലെടുത്ത് പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തനാധ്യക്ഷനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ബി ജെ പി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരുമ്പോഴും തത്ക്കാലം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തനാധ്യക്ഷനെ നിയമിക്കാനും ആലോചനയഉണ്ട്. ഇക്കാര്യത്തിലും നാളത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ബി ജെ പിയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാനാധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ എന്നിവരെല്ലാം നാളത്തെ യോഗത്തില്‍ പങ്കെടുക്കും.