Connect with us

Kerala

ശബരിമല: വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു, തിരികെയെത്തിക്കുമെന്ന് എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ഇതിന്റെ പേരില്‍ അകന്നവരെ തിരികെയെത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ ആവശ്യമാണെന്നും എല്‍ ഡി എഫ് യോഗം. വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റണം. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക മുന്നണി യോഗം ചേരും. മുഖ്യമന്ത്രി തന്നെ പ്രവര്‍ത്തനം വിശദീകരിക്കുന്ന കുറിപ്പ് ഈ യോഗത്തിന് മുന്നില്‍ വെക്കും.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് യോഗത്തില്‍ വിശദീകരണം നടത്തിയത്. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകും. ശബരിമല വിഷയം മുന്‍നിര്‍ത്തി എല്‍ ജെ ഡി യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. വനിതാ മതിലിനു പിന്നാലെ ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു. നടപടി സ്ത്രീവോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായി. സീറ്റുകള്‍ സി പി എമ്മും സി പി ഐയും പങ്കിട്ടെടുത്തെന്ന പ്രചാരണവും വിനയായി. ശബരിമല വിഷയം അവഗണിച്ച് മുന്നണി മുന്നോട്ട് പോകരുതെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ യു ഡി എഫിനും ബി ജെ പിക്കും കഴിഞ്ഞതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉണ്ടായത് സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ജനവിധിയല്ല. പൊതുജന സമൂഹത്തില്‍ നല്ല അഭിപ്രായമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.

സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് ഇടതുപക്ഷത്തിന് എതിരായി യു ഡി എഫും ബി ജെ പിയും നടത്തിയ കള്ളപ്രചാരണത്തെ മുറിച്ചു കടക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. യു ഡി എഫും ബി ജെ പിയും ആദ്യം അതിനെ സ്വാഗതം ചെയ്തു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമായതോടെ അവര്‍ അവസരവാദ രാഷ്ട്രീയമാണ് നടത്തിയത്. അതിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ അക്രമ സമരങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്.

ശബരിമല വിഷയത്തില്‍ അധികാരത്തിന്റെ ഒരു തെറ്റായ പ്രവര്‍ത്തനവും പോലീസിന്റെ അനാവശ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. വിശ്വാസ വിഷയത്തെ യു ഡി എഫും ബി ജെ പിയും മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചപ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങളും വലതുപക്ഷ മാധ്യമങ്ങളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളെ ബഹുമാനിക്കുകയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ആവശ്യമായ തെറ്റുതിരുത്തുകയും ചെയ്ത് മുന്നോട്ടുപോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Latest